ചെന്നൈ: നിരാഹാര സമരം നടത്തുകയാണെങ്കില്‍ ഇങ്ങനെ നടത്തണം. ബിരിയാണിയെ ഇതുവരെയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒരു ആഹാരമായി കണ്ടിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് പാര്‍ട്ടിക്ക് കനത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയത്. പക്ഷേ ‘നിരാഹാരം’ പേരില്‍ മാത്രം ഒതുക്കി.
തമിഴ്നാട്ടില്‍ ഉടനീളം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ക്യാബിനറ്റ് മന്ത്രിമാരും നിരാഹാര സമരത്തില്‍ പങ്കാളികളായി. വെല്ലൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു നിരാഹാര സമരം. എന്നാല്‍ ഉച്ചയായപ്പോഴേക്കും പ്രവര്‍ത്തകര്‍ക്ക് വിശപ്പ് സഹിക്കാനായില്ല. ബിരിയാണി കഴിച്ച് വയര്‍ നിറച്ചശേഷമാണ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തില്‍ പങ്കാളികളായത്.
ഇതിനിടയില്‍ പലരും കഴിച്ച ബിരിയാണി ദഹിക്കാനായി അടുത്തുളള ബിവറേജസ് ഔട്ട്ലെറ്റില്‍നിന്നും രണ്ടെണ്ണം അടിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതിനു മറുപടിയുമായി ചിലര്‍ രംഗത്തെത്തി. ബിരിയാണി അല്ല തക്കാളി ചോറാണ് പ്രവര്‍ത്തകര്‍ കഴിച്ചതെന്നായിരുന്നു വാദം. നിരാഹാര സമരത്തിനിടയ്ക്ക് തക്കാളിച്ചോറ് കഴിക്കാം അല്ലേ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.