വൈപ്പിന്‍: വധശ്രമക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ഗുണ്ടാ നേതാവിനെ കൊല്ലാന്‍ മുൻ അനുയായി നൽകിയ ക്വട്ടേഷൻ പദ്ധതി പോലീസ് ഇടപെട്ട് തടഞ്ഞു.
എളങ്കുന്നപ്പുഴയില്‍ കഴിഞ്ഞ മാസം 21 ന് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെട്രോള്‍ ബോംബെറിഞ്ഞും വാക്കത്തിക്ക് വെട്ടിയും യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഞാറക്കല്‍ പണിക്കശേരി ലിനീഷിനെ വകവരുത്താനാണത്രേ ക്വട്ടേഷന്‍ നല്‍കിയത്.
സംഭവത്തില്‍ വെട്ടേറ്റ എളങ്കുന്നപ്പുഴ സ്വദേശി ലിബൂന് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.
ഇപ്പോള്‍ റിമാൻഡില്‍ കഴിയുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വധിക്കാനായിരുന്നത്രേ പദ്ധതി. ഇതിനായി ആലപ്പുഴ വള്ളിക്കുന്നത്ത് എസ്എഫ്ഐ നേതാവിനെ വധിച്ച കേസിലെ പ്രധാന പ്രതി ജിഷ്ണു തമ്പി ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ സ്ഥലത്തെത്തിച്ചുവെന്നും പോലീസ് പറയുന്നു.
സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ലിബൂന്റെ വീട് റെയ്ഡ് ചെയ്യുകയും രണ്ട് വടിവാള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ ആംസ് ആക്ട് അനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഘം വടുതലയില്‍ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ കാര്യം പോലീസ് അറിഞ്ഞു.
ഇതനുസരിച്ച് കഴിഞ്ഞമാസം 31 പുലര്‍ച്ചെ വടുതലയിലെത്തി മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ വാടകയ്ക്കു നല്‍കിയിരുന്ന വീട്ടില്‍ റെയ്ഡ് നടത്തിയത്.
വീട്ടില്‍ ആരുമില്ലെന്ന് കണ്ടതോടെ തൊട്ടടുത്ത അയല്‍വാസികളെയും വാടകവീടിന്റെ കെയര്‍ടേക്കറായ ഒരു വീട്ടമ്മയേയും വിളിച്ചു വരുത്തിയശേഷം പോലീസ് തങ്ങള്‍ അന്വേഷിക്കുന്നവരില്‍ ചിലരുടെ ഫോട്ടോ ഇവരെ കാണിച്ചു.
ഇവരെ തിരിച്ചറിഞ്ഞതോടെ താമസക്കാര്‍ പോലീസ് അന്വേഷിച്ചു വന്നവര്‍ തന്നെയെന്ന് വ്യക്തമായി.
താക്കോല്‍ വാടകക്കാരുടെ പക്കല്‍ ആണെന്ന് കെയര്‍ ടേക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീടിന്റെ പിന്നിലെ വാതിലില്‍ ബലം പ്രയോഗിച്ച് തുറന്നാണ് പോലീസ് അകത്തുകയറിയത്.
അകത്ത് മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പുറത്ത് വച്ചിരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ഇത് സംഘത്തില്പ്പെട്ടവരുടേതാണെന്നാണ് സൂചന.
ഒരു ബ്രോക്കര്‍ വഴി ലിബൂന് ആണ് വടുതലയിലെ വീട് വാടകക്കെടുത്തതത്. ലിബൂന് കൊച്ചി നഗരത്തില്‍ നടത്തുന്ന ഒരു ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരാണ് വാടക്കാര് എന്നാണ് അയല്‍പക്കത്തുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ലിനീഷിനും ലിബൂനും ഭായി നസീറിന്റെ അനുയായികൾ
വൈപ്പിന്‍: അധോലോക ഗുണ്ട ഭായി നസീറിന്റെ അനുയായികളാണ് ലിനീഷും ലിബൂനുമെന്നാണ് പോലീസ് പറയുന്നത്. വൈപ്പിന്‍ മേഖലയില്‍ ലിനീഷ് ആണത്രേ ഈ സംഘത്തിന്റെ ഗ്യാംഗ് ലീഡര്‍. ഒപ്പം ലിബൂനും ഉണ്ടായിരുന്നു.
ഇടക്കാലത്ത് വച്ച് ലിബൂന് വൈപ്പിന്‍ വിട്ട് നഗരത്തിലേക്ക് ചേക്കേറുകയും മറ്റ് ചില ഗ്യാഗുകളുമായി ചേര്‍ന്ന് ലഹരിയുടെ മേഖലയിലേക്ക് തിരിഞ്ഞുവത്രേ.
എന്നാല്‍ ഇത് ലിനീഷിനു ഇഷ്ടമായില്ല. ഒരു ദിവസം ലിബൂനിന്റെ ഫോണ്‍ ലിനീഷ് കൈവശപ്പെടുത്തി. ഇത് തിരികെ നല്കാന് പലകുറി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല.
പണം വരെ വാഗ്ദാനം ചെയ്തെങ്കിലും ലിനീഷ് ഫോണ്‍ തിരികെ നല്കിയില്ലത്രേ. ഇതിനിടെയാണ് കഴിഞ്ഞ 31ന് ലിബൂനെ ലിനീഷ് വധിക്കാന്‍ ശ്രമിച്ചത്. ഇതിനുശേഷമാണ് ലീബൂൻ ലിനീഷിനെ വധിക്കാന്‍ പദ്ധതിയിട്ടതത്രേ.