ലൂസിയാനോ പൊന്‍സെറ്റോ എന്നും മൃഗസ്‌നേഹികളുടെ ശത്രുവായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും നിഷ്ഠൂരമായി വേട്ടയാടിക്കൊല്ലുന്നതില്‍ ആനന്ദിച്ചിരുന്ന ലൂസിയാനോയ്ക്ക് അവസാനം താന്‍ വധിച്ച മിണ്ടാപ്രാണികളുടെ വിധി ഏറ്റുവാങ്ങേണ്ടിവന്നു. പക്ഷികളെ വേട്ടയാടാനുള്ള ശ്രമത്തിനിടയില്‍ കാല്‍വഴുതി 100 അടി താഴ്ചയിലേക്ക് വീണാണ് ലൂസിയാനോ(55) മരിച്ചത്.
ഇറ്റലിയിലെ മൃഗഡോക്ടറായ ഇയാള്‍ കഴിഞ്ഞ വര്‍ഷം സിംഹമുള്‍പ്പെടെയുള്ള ജീവികളെ വെടിവച്ചു കൊന്നതിനു ശേഷം അവയ്‌ക്കൊപ്പമുള്ള ഫോട്ടോകളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ലോകവ്യാപക പ്രതിഷേധത്തിനു വഴിവയ്ക്കുകയും ചെയ്തു. ഇതേത്തുര്‍ന്ന് ഇയാള്‍ക്കു നേരേ വധഭീഷണിയുമുണ്ടായിരുന്നു. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ക്ക് ലഭിച്ചു.എന്നാല്‍ ഒരിക്കല്‍ പോലും പശ്ചാത്തപിക്കാനോ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാനോ ഇയാള്‍ തയ്യാറായില്ല. താന്‍ മൃഗങ്ങളെയും മൃഗവേട്ടയെയും സ്‌നേഹിക്കുന്നുണ്ടെന്നും വേട്ടയാടല്‍ തുടരുമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇറ്റലിയില്‍ നായകളുടെ ബിസിനസും ഇയാള്‍ക്കുണ്ടായിരുന്നു.
ഇയാള്‍ ചെയ്തുകൂട്ടിയ തെറ്റിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ മരണത്തിന്റെ രൂപത്തില്‍ തേടിവന്നത്. ഇറ്റലിയിലെ ടൂറിനിലെ കോളെ ഡെല്ലെ ഓഷെ മലനിരകളില്‍ കൂട്ടുകാരുമൊത്ത് വേട്ടയ്‌ക്കെത്തിയതായിരുന്നു ലൂസിയാനോ. കാട്ടുപക്ഷികളെ വെടിവയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഐസില്‍ ചവിട്ടിതെന്നി നൂറടി താഴേക്കു പതിക്കുകയായിരുന്നു.മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ലൂസിയാനോയും സംഘവും കാനഡയില്‍ വന്‍വേട്ട നടത്തി തിരിച്ചെത്തിയത്. ഇയാളുടെ മരണം കര്‍മഫലമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. മൃഗങ്ങളെ ഇങ്ങനെ നിഷ്ഠൂരം കൊലചെയ്യുന്ന ഇയാള്‍ എങ്ങനെ മൃഗ ഡോക്ടറായി എന്നൊരാള്‍ ചോദിക്കുന്നു. എന്തായാലും ഇയാളുടെ മരണം മൃഗസ്‌നേഹികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ്.