ദേശാടന പക്ഷികളെ ഒരു ദയയുമില്ലാതെ വെടിവെച്ച് കൊന്ന് ഭക്ഷണമാക്കിയ മധ്യവയസ്കന് പിടിയില്‍. മല്ലപ്പള്ളി സ്വദേശി പൗലോസാണ് സോഷ്യല്‍മീഡിയയുടെ ജാഗ്രതയില്‍ കുടുങ്ങിയത്. ഇയാള്‍ തോക്കുമായി എത്തി പക്ഷികളെ വെടിവച്ചിട്ടശേഷം തൂക്കി കൊണ്ടുപോകുന്നത് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇത് സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സടകുടഞ്ഞ് എണീറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് പൗലോസും സഹായിയായ മറ്റൊരാളും ചേര്‍ന്ന് ചെങ്ങരൂര്‍ നടയ്ക്കല്‍ പാടത്ത് നിന്നും പക്ഷിയെ വെടിവെച്ച് പിടികൂടിക്കൊണ്ടു പോകുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ക്യാമറയിലാക്കിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍.
ഹെറോണ്‍ കുടുംബത്തിലെ ഏറ്റവും മനോഹരിയായ പക്ഷിയായ ഇതിനെയാണ് പൗലോസ് വെടിവെച്ചത്. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുന്നത് മൂലം ഇവ എണ്ണത്തില്‍ കുറവാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ലഭിച്ച ഫോട്ടോകളില്‍ കാറിന്റെ നമ്പറും ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ തന്നെ വിലാസം കണ്ടെത്തി പൗലോസിന്റെ വീട്ടിലെത്തി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അയാളുടെ വീട്ടിലെത്തി തോക്കും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗലോസ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.” – ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷ് വ്യക്തമാക്കി.
സോഷ്യല്‍മീഡിയയില്‍ വന്ന അറസ്റ്റിലേക്ക് നയിച്ച കുറിപ്പ് ഇങ്ങനെ-
അതിഥികള്‍ക്ക് അന്ത്യകൂദാശ ഒരുക്കുന്ന നാട്…
കാതങ്ങള്‍ താണ്ടി നമ്മുടെ കൊച്ചുകേരളത്തിലേക്കു വിരുന്നെത്തുന്ന പറവകള്‍ക്കു ദാരുണാന്ത്യം. അതും ദൈവത്തിന്റെബസ്വന്തം നാട്ടില്‍. ആസ്ത്രേലിയ, അന്റാര്‍ട്ടിക്ക, തുടങ്ങി വിദേശ രാജ്യങ്ങളില്‍ ശീതകാലം ആരംഭിക്കുമ്പോള്‍, പ്രജനനത്തിനും ആഹാരത്തിനും മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളുമായി തിരികെ സ്വദേശത്തേക്കു പോകാനുമാണ് ഇവരെത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവനെയൊക്കെ പോലുള്ള സാമദ്രോഹികള്‍, നായിന്റെ മക്കള്‍ (അങ്ങനെതന്നെ സംബോധന ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു പശ്ചാത്താപവും തോന്നുന്നില്ല) അവയെ വേട്ടയാടി കൊന്ന്, മദ്യത്തിനും മദിരാശിക്കും ഒപ്പം സേവിക്കുന്നു.
ഏഴു തലമുറ കഴിഞ്ഞാലും, ഏതു ഗംഗാനദിയില്‍ മുങ്ങിക്കുളിച്ചാലും തീരില്ല ഇതിന്റെയൊക്കെ ശാപം. ആലപ്പുഴ കുമരകം, ചേര്‍ത്തല, ഹരിപ്പാട്, തകഴി, തിരുവല്ല മല്ലപ്പള്ളി മേഖലയില്‍ ആണ് ഇവര്‍ മുഖ്യമായും വാസയോഗ്യമായി കരുതുന്നത്. അവിടെ പലയിടങ്ങളിലും മുട്ട ഇട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അവയ്ക്ക് ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയാണു അവ പാടശേഖരത്തില്‍ എത്തുന്നത്. എന്നാല്‍ അവിടെയോ, സാമൂഹ്യ ദ്രോഹികളായ പകല്മാന്യന്മാര് അവയെ പല മാര്‍ഗത്തിലും കൊന്നൊടുക്കുന്നു.
ആഹാരത്തിനുവേണ്ടി കാത്തു കാത്തിരുന്നു അഞ്ചിലധികം വരുന്ന കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നിന്റെയൊക്കെ വീട്ടിലും ഇതുപോലെ വൈകുന്നേരം ആഹാരവുമായി അച്ഛനും അമ്മയും വരുന്നതും കാത്തു നിന്റെ ചോരയില്‍ ജനിച്ച മക്കള്‍ കാത്തിരിക്കുന്നു എന്ന് ഓര്‍ക്കുക. നമുക്ക് അയല്‍ക്കാര്‍ എങ്കിലും ആഹാരം തരും. ആ ജീവികളുടെ കുഞ്ഞുങ്ങള്‍ക്കോ???
എന്തായാലും ഇവന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ഇത് മാക്സിമം ഷെയര്‍ ചെയ്യുക. ഒരുപക്ഷെ ഈ സമയം അവന്മാര് പിടിക്കപ്പെട്ടിട്ടുണ്ടാകും. എങ്കിലും അവന്മാര്ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ ഈ പോസ്റ്റ് മാക്സിമം ഷെയര്‍ ചെയ്യുക. സോഷ്യല്‍ മീഡിയ ഇത്രയും ജാഗരൂകരായി ഇരുന്നതുകൊണ്ടുമാത്രം ഇതുപോലെ ചിത്രങ്ങള്‍ നമുക്ക് വാട്സ്ആപ്പ് വഴി ലഭിച്ചു. അല്ലേല്‍ ആരും അറിയാന്‍പോകുന്നില്ല. നമ്മുടെ സ്വന്തം, അല്ല, എല്ലാ ജീവജാലങ്ങളുടെയും സ്വന്തം നാട്ടില്‍, ഇനിയും ഭയചികിതരാകാതെ അവര്‍ ഇവിടെ വിരുന്നുവരണം. നമ്മുടെ ആതിഥ്യം കൊണ്ട് മനവും വയറും നിറഞ്ഞു, സകുഞ്ഞുങ്ങളുമായി അവര്‍ തിരിച്ചു പോകണം. അതിനു നാം ഒന്നാകണം..