ചവറ: ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. കുണ്ടറ വെള്ളിമൺ സ്വദേശി അൽത്താഫ് (22), കൊല്ലം ഉമയനല്ലൂർ സ്വദേശി സെയ്ദലി (23), കൊല്ലം രാമൻകുളങ്ങര മരുത്തടി സ്വദേശി നജ്മൽ (23) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത്
ചവറ പാലത്തിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോട് കൂടി ചവറ സബ് ഇൻസ്പെക്ടർ നൗഫൽ, എ എസ് ഐ സജികുമാർ, സിവിൽ പോലീസ് ഓഫീസർ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് മൂവരെയും പിടികൂടിയത്.
കാറിൽ നിന്നും ഇവരുടെ കൈയ്യിൽ നിന്നുമായി ഏകദേശം 207 ഗ്രാം എം ഡി എം എ യും 34 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ എംഡിഎംഎ പിടികൂടിയ സംഭവമാണ് ഇത്.
ഇവർ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഭാഗത്ത് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന മയക്കുമരുന്നുകൾ ആണെന്ന നിഗമനത്തിലാണ് പോലീസ്.
കാറിന്റെ ഡിക്കിയുടെ മുൻവശത്തിൽ നിന്നും രണ്ടുപേരുടെ കൈകളിൽ നിന്നുമാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.