സ്വന്തം ലേഖകന്‍
കോഴിക്കോട്: തൃക്കാക്കരയിലും ശക്തമായ തിരിച്ചടി നേരിട്ടതോടെ തലപുകഞ്ഞ് ബിജെപി. പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി ശക്തമായ പ്രചാരണം അഴിച്ചുവിട്ടിട്ടും സംസ്ഥാന നേതൃനിരയിലെ മുന്‍ നിരക്കാരനായ എ.എന്‍. രാധാകൃഷ്ണന് കെട്ടിവച്ച കാശുപോലും നഷ്ടമായി.
ശക്തമായ യുഡിഎഫ് അനുകൂല സഹതാപതരംഗമാണ് തൃക്കാക്കരയിലുണ്ടായതെന്നും സംഘടനാതലത്തിലും പ്രചാരണരംഗത്തും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രഥമ വിലയിരുത്തല്‍.
ഒപ്പം കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം നയിക്കുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് നിഷ്പക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയെന്നുമാണ് വിലയിരുത്തല്‍.
വിലയിരുത്താൻ യോഗം
കനത്തപരാജയം വിലയിരുത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം ഉടന്‍ ചേരും. കേന്ദ്രമന്ത്രി വി. മുരളീധരന്, സുരേഷ്ഗോപി, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ രാധാകൃഷ്ണനായി ശക്തമായി രംഗത്തിറങ്ങിയിരുന്നു.
ബിജെപിക്ക് ഇത്തവണ ആകെ കിട്ടിയത് 12,957 വോട്ടാണ്. 9.57ശതമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട് പോലും ഇത്തവണ പൂര്‍ണമായി ശേഖരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.
സുരേന്ദ്രനും ക്ഷീണം
എന്നാല്‍ സിപിഎമ്മിന്റെ കനത്തപരാജയം ഉറപ്പിക്കാന്‍ സാധിച്ചത് നേട്ടമായതായി പാര്‍ട്ടി കണക്കാക്കുന്നു.
മണ്ഡലത്തില്‍ വോട്ടുകള്‍ ചോരാതെ സമാഹരിക്കുക മാത്രമാണ് ബിജെപിക്ക് ചെയ്യാനുണ്ടായിരുന്നത്.
എന്നിട്ടും വിജയപ്രതീക്ഷ പങ്കിട്ട് എ.എന്‍. രാധാകൃഷ്ണനെപ്പോലൊരു സംസ്ഥാന നേതാവ് യുഡിഎഫ് കോട്ടയായ തൃക്കാക്കരയില്‍ മത്സരത്തിനിറങ്ങിയത് ശക്തമായ പേരാട്ടം ലക്ഷ്യം വച്ചുകൊണ്ടാണ്.
തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായി കാണുന്നു എന്ന പ്രതീതിയുണ്ടാക്കാനും ഇതുവഴി കഴിഞ്ഞു.എന്നാല്‍ ഫലം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുന്നതല്ല.
മാത്രമല്ല സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു കീഴില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നു.