മുക്കം: മൂന്ന് സെന്റീ മീറ്ററിൽ താഴെ വലിപ്പമുള്ള ഖുർആൻ വിസ്മയമാകുന്നു.വിദ്യാർഥികളും മുതിർന്നവരും വളരെ കൗതുകത്തോടെയാണ് ഈ ഖുർആൻ കാണാനെത്തുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ട മാസം കൂടിയാണിത്.
പാരായണം എന്നർത്ഥം വരുന്ന വിശുദ്ധ ഖുർആനിന്റെ ഏറ്റവും ചെറിയ രൂപം സാധാരണ ഖുർആനിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. 2.2 സെന്റി മീറ്റർ നീളവും രണ്ട് സെന്റി മീറ്റർ വീതിയുള്ള ഈ കുഞ്ഞ് ഖുർആന്റെ ഭാരം വെറും നാല് ഗ്രാമാണ്. ലെൻസ് ഉപയോഗിച്ച് സുഖമായി പാരായണം ചെയ്യാൻ കഴിയുന്ന ഈ കുഞ്ഞൻ ഖുർആൻ കൈവശംവച്ചിരിക്കുന്നത് സൗത്ത് കൊടിയത്തൂർ എയുപി സ്കൂൾ അധ്യാപകൻ മജീദ് പൂതൊടിയാണ്.
എസ്വൈഎസ് മുക്കം സോൺ സെക്രട്ടറി കൂടിയായ മജീദിന് തന്റെ സഹോദരൻ മുഹമ്മദ് ബഷീറാണ് ഈ വിസ്മയ ഖുർആൻ സമ്മാനിച്ചത്. ഒരു ഖത്തർ പൗരനാണ് 19 വർഷങ്ങൾക്ക് മുമ്പ് ബഷീറിനെ ഈ ഖുർആൻ ഏൽപ്പിച്ചത്. വിശുദ്ധ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടിയുള്ള ഈ പകലിരവുകളിൽ ഈ കുഞ്ഞൻ ഖുർആൻ വിസ്മയ കാഴ്ച ഒരുക്കുകയാണ്.