വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം തെന്മലയില് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു.
പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.
എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി.
ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാററിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം , ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്.
മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനില്ക്കാന് സാധ്യതയുണ്ട്. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍. 16 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.