സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ക്രൂരമായി മർദ്ദിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. 32 വയസുകാരിയായ ഇവരുടെ പേര് വ്യക്തമല്ല. സിക്സ് നാഗാലാൻഡ് ആർമ്ഡ് പോലീസ് ബറ്റാലിയനിൽ അസിസ്റ്റൻഡ് കമാൻഡന്റായി ജോലി ചെയ്യുന്ന അമിത് നിഗത്തിനെതിരെയാണ് ഭാര്യ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അമിത് തന്നെ എല്ലാ ദിവസവും ക്രൂരമായി മർദ്ദിക്കുമെന്നാണ് മീററ്റിലെ നൗചൻഡി പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇദ്ദേഹത്തിനെതിരെ പോലീസ് എഫ്ഐആർ സ്വീകരിച്ചിട്ടുണ്ട്. കൊലപാതക ശ്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ടതിനുമാണ് അമിതിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും പോലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
2015ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസങ്ങൾക്കു ശേഷം ഭർത്താവിന്റെ കുടുംബാംഗങ്ങൾ ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട് മോശമായി പെരുമാറുവാൻ ആരംഭിച്ചു. അമിതിന് നാഗാലാൻഡിലെ ദിംപൂറിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ ഭാര്യയും അദ്ദേഹത്തിനൊപ്പം പോയി.
അവിടെയെത്തിയപ്പോൾ മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അമിത് എല്ലാ ദിവസവും തന്നെ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഏപ്രിൽ 30ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമിത് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു.
സഹികെട്ട ഭാര്യ തന്റെ വീട്ടിലേക്ക് മടങ്ങിയെത്തി മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു.