നടന്നു കൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിച്ചത് രാജ്യത്ത് പലരും പടക്കംപൊട്ടിച്ച് ആഘോഷിച്ചത് വിവാദമായിരുന്നു.
ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നു കാണിക്കുകയാണ് പുതിയ സംഭവം.പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി.
ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുമ്പ് ആഗ്രയിലെ എന്‍ജിനിയറിങ് കോളജില്‍ പാകിസ്ഥാന് വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ രാജസ്ഥാനില്‍ സ്കൂള്‍ അധ്യാപികയെ പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പാക് വിജയം വാട്സാപ്പ് സ്റ്റാറ്റസാക്കിയെന്നതായിരുന്നു ഇവര്‍ക്കെതിരേ ചുമത്തപ്പെട്ട കുറ്റം.