ഞായറാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്കു നേരെ ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന തങ്ങളെ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു.
ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നു അക്രമിക്കപ്പെട്ട അശ്വിന് മാധ്യമങ്ങളോടു പറഞ്ഞു.
അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു.
ഈ സമയത്തു രണ്ടു സ്കൂട്ടറുകളിലായി അഞ്ച് യുവാക്കള്‍ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവര്‍ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു.
അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ എന്നെ വന്നു തല്ലി. മോശമായ വാക്കുകള്‍ ഉപയോഗിച്ചു ഞങ്ങളോടു കയര്‍ത്തു സംസാരിച്ചു.
യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മര്‍ദിച്ചതെന്നു ഇപ്പോഴും അറിയില്ല.
മഴ പെയ്യുന്നതിനാല്‍ ഞങ്ങള്‍ക്കു ആക്രമണത്തിന്റെ വീഡിയോ എടുക്കാന്‍ പറ്റിയില്ല. മുന്‍പരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്.
ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെല്‍മറ്റ് ഇട്ടിരുന്നതിനാല്‍ അതിനിടയില്‍ക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പര്‍ ഉള്‍പ്പെടെ നടക്കാവ് പൊലീസിനു പരാതി നല്കി. പക്ഷേ നടപടിയൊന്നും ആയിട്ടില്ലെന്നും അശ്വിന് വ്യക്തമാക്കി.