കാട്ടാക്കട: പ്രണയവിവാഹത്തിന് പിന്നാലെ 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടുമാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. തണ്ണിച്ചാംകുഴി സോന(22) മരിച്ച സംഭവത്തിൽ ഭർത്താവ് വിപിൻ(28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് പതിനഞ്ചാം ദിവസം ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ സോനയെ കാണപ്പെട്ടു.
പിന്നാലെ അന്വേഷണത്തിൽ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന മരിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂലൈയിലാണ് സോനയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം ചെയ്തത്.
പ്രണയവിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനത്തിന്റെ പേരിൽ സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ശാരീരികമായും മർദിച്ചു. ഇതിനെ തുടർന്നുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ലന്ന വാദത്തിലും സംശയമുണ്ടായിരുന്നു.
താൻ ഉറങ്ങിയതിനാൽ വിവരം അറിഞ്ഞില്ലെന്നാണ് വിപിൻ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിലും മരണം കൊലപാതകമല്ല ആത്മഹത്യയാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തൽ.