ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് ഉറക്കത്തില്‍ കൊഞ്ചിക്കുഴഞ്ഞെന്ന പേരില്‍ അയാളുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച ബൊളീവിയന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ആഴ്ച ബൊളീവിയന്‍ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭര്‍ത്താവിന് 45 വയസ്സായിരുന്നു.
ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാള്‍ ഉറക്കത്തില്‍ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് കേട്ട ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്ക് ചെന്നു.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതുമായി മുറിയില്‍ വന്ന്, അത് അയാളുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന്, സ്വകാര്യഭാഗത്തും കൈയിലും പുറകിലും പൊള്ളലേറ്റ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
”എന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഞാന്‍ അടുക്കളയില്‍ പോയി ഒരു പാത്രം നിറയെ വെള്ളം തിളപ്പിച്ച്, അതുകൊണ്ടു വന്ന് അങ്ങേരുടെ ദേഹത്ത് ഒഴിച്ചു ” യുവതി പറഞ്ഞു.
എന്നാല്‍, അയാള്‍ എങ്ങനെയാണ് ആശുപത്രിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇര പോലീസിനെ അറിയിച്ചോ, അതോ വേദന കൊണ്ട് അലറി വിളിക്കുന്നത് അയല്‍ക്കാര്‍ കേട്ട് അവിടെ എത്തിയോ എന്നത് വെളിവായിട്ടില്ല.
എന്ത് തന്നെയായാലും, അധികാരികള്‍ ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് ടിഎന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇത് ആദ്യമായല്ല ഇയാള്‍ ഭാര്യയില്‍ നിന്ന് പീഡനമേല്‍ക്കുന്നത് എന്ന് ലാപാസിലെ സ്പെഷ്യല്‍ ക്രൈം ഫൈറ്റിംഗ് ഫോഴ്സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജുവാന്‍ ജോസ് ഡോണയര് പറഞ്ഞു.
ഇതിന് മുന്‍പൊരിക്കല്‍ ദേഷ്യം വന്നതിനെ തുടര്‍ന്ന് അവള് അയാളുടെ മേല്‍ മദ്യം ഒഴിച്ച് പച്ചയ്ക്ക് തീകൊളുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അന്നും ഭര്‍ത്താവിന്റെ എന്ത് പ്രവൃത്തിയാണ് സ്ത്രീയെ ഈ വിധം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.
അതിന്റെ കാരണം വ്യക്തമല്ലെങ്കിലും, കൊടുംക്രൂരതയാണ് ഇത്തവണ അവള് ചെയ്തതെന്ന് ഓണ്‍ലൈനില്‍ ആളുകള്‍ പ്രതികരിച്ചു.