രണ്ടാമത് ജനിച്ചതും പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഭാര്യയുടെ തല മൊട്ടയടിച്ചു. കൂടാതെ ഇവരെ മര്‍ദ്ദിച്ചവശയാക്കി വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കുട്ടിയ്ക്ക് പാല്‍ കൊടുക്കാനും ഇവര്‍ സമ്മതിച്ചില്ല. ആഗ്രയില്‍ വാന്‍ ഡ്രൈവറായ റഷീദ് എന്നയാളാണ് ഭാര്യ നന്നുവിന്റെ തലമൊട്ടയടിച്ചത്. ഇവര്‍ക്ക് നാല് വയസുള്ള മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. വിവാഹ ജീവിതം ആരംഭിച്ചതുമുതല്‍ പലവിധകാരണങ്ങളാല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് നന്നുവിനെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയാണ്.
ആദ്യത്തെ പെണ്‍കുട്ടി ജനിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടി. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയ്ക്ക് വെറും 13 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് നന്നുവിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരിക്കുന്നത്. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ നന്നു പോലീസില്‍ പരാതി നല്‍കി. ഭര്‍തൃവീട്ടുകാരെ പോലീസ് താക്കീത് ചെയ്തു. രണ്ടാഴ്ച മുമ്പായിരുന്നു നന്നു രണ്ടാമതു പ്രസവിച്ചത്. ഇതു പെണ്‍കുട്ടിയായിരുന്നു. ഇതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡനവും തുടങ്ങി. ആദ്യത്തെ കുട്ടി തന്നെ പെണ്ണായതിനെ തുടര്‍ന്ന് കടുത്ത പീഡനങ്ങളാണ് നന്നു നേരിട്ടു കൊണ്ടിരുന്നത്.
പ്രസവവും ഒപ്പം പീഡനവും കൂടിയായതോടെ നന്നു ക്ഷീണിച്ചു. വീട്ടില്‍ നിന്നു ഇറക്കിവിട്ടതോടെ വിളര്‍ച്ചയും ബാധിച്ച നന്നു ഒടുവില്‍ പോലീസിനെ സമീപിച്ച് പരാതിപ്പെടുകയായിരുന്നു. റഷീദിനെയും കുടുംബാംഗങ്ങളെയും വിളിച്ചു വരുത്തിയ പോലീസ്, നന്നുവിനെ പരിചരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ റഷീദിനെതിരേ നല്‍കിയ പരാതി നന്നു പിന്‍വലിച്ചിട്ടുണ്ട്.