ഒഡിഷ്യ: ഭർത്താവ് മരിച്ചെന്ന് കരുതി ജീവനൊടുക്കി ഭാര്യ. എസി പൊട്ടിത്തെറിച്ച് ശരീരമാകെ പൊള്ളലേറ്റ അവസ്ഥയിലാണ് ദിപീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയും മൃതദേഹം കുടുംബത്തിന് വിട്ടുനൽകുകയും പിന്നാലെ സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന ഭാര്യ സോനയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് ദിലീപ് മരിച്ചിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും കുടുംബം അറിയുന്നത്.
ശരീരമാസകലം പൊള്ളലേറ്റ് മുഖം തിരിച്ചറിയാൻ കഴിയാത്തവിധത്തിലായതിനാൽ ദിലീപിന്റേത് എന്നുകരുതി മറ്റൊരു മൃതദേഹമാണ് ആശുപത്രിയിൽ നിന്നും കുടുംബത്തിന് നൽകിയത്. ഡിസംബർ 29നാണ് എസി പൊട്ടിത്തെറിച്ച് ദിലീപ് ഉൾപ്പെടെ നാലുപേർക്ക് പൊള്ളലേൽക്കുന്നത്. ശ്രിതം, ജ്യോതി രഞ്ജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ജ്യോതി രഞ്ജന്റെ മൃതദേഹമാണ് ദിലപിന്റേത് എന്ന് കരുതി ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
തുടർന്ന് ജനുവരി 31ന് മൃതദേഹം സംസ്കരിച്ചു. പിന്നാലെ പുതുവത്സരദിനത്തിൽ ദിലീപിന്റെ ഭാര്യ സോനയെയും മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പിന്നീടാണ് വിട്ടുനൽകിയ മൃതദേഹം ജ്യോതി രഞ്ജന്റേതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ദിലീപിന്റെ കുടുംബവും രംഗത്തെത്തി. സോനയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരാണെന്നും കുടുംബം ആരോപിച്ചു.
എന്നാൽ ജ്യോതി രഞ്ജൻ ചികിത്സയിലാണെന്നു കരുതി ആശുപത്രിയിൽ കൂട്ടിരിക്കുകയാണ് ഇയാളുടെ ഭാര്യ. അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലന്നാണ് ആശുപത്രി അധികൃതരുടെ വാദം. സ്വകാര്യ കമ്പനിയുടെ എസി മെക്കാനിക്കുകളാണ് മരിച്ചത്. കമ്പനി തിരിച്ചറിഞ്ഞ പ്രകാരമാണ് മൃതദേഹം വിട്ടുനൽകിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.