ഭർത്താവിന്റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
“എന്റെ ഭർത്താവിന്റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
യോഗ അധ്യാപിക കൂടിയായ ഇഷുവിന്റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി അച്ഛനൊപ്പം ഷട്ടിൽ കളിക്കുന്നതും അമ്മായി അമ്മ ഇഷുവിന്റെ തലയിൽ നിന്ന് പേൻ നോക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്വന്തം മകളെ പരിപാലിക്കുന്നത് പോലെ മരുമകളെയും നോക്കുന്ന അമ്മായി അച്ഛനും അമ്മായി അമ്മയും നല്ല മനസിന് ഉടമയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.