തലയോലപ്പറമ്പ്: ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ഭാര്യ റോഡില്‍ തെറിച്ചുവീണതറിയാതെ ഭര്‍ത്താവ് മൂന്നു കിലോമീറ്റര്‍ ബൈക്കോടിച്ചു പോയി. ദമ്പതികള്‍ അരയന്കാവില്നിന്നും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ പോകുന്നതിനിടെ ഇല്ലിത്തൊണ്ട് റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50നാണ് സംഭവം. ബൈക്ക് റോഡിലെ കുഴിയില്‍ ചാടിയപ്പോഴാണ് ഭാര്യ തെറിച്ചുവീണത്.
സംഭവം അറിയാതെ മുന്നോട്ടു പോയ ഭര്‍ത്താവ് കടുത്തുരുത്തിയില്‍ എത്താറായപ്പോഴാണ് പിന്‍സീറ്റില്‍ ഭാര്യയില്ലെന്ന കാര്യം മനസിലാക്കിയത്. തുടര്‍ന്നു ഭാര്യയെ തിരക്കി വരുമ്പോള്‍ അപകടം നടന്ന സ്ഥലത്തു തന്നെ ഭാര്യ നില്‍ക്കുകയായിരുന്നു. വീഴ്ചയില്‍ ഇവര്‍ക്കു കാര്യമായ പരിക്കുകളൊന്നും പറ്റാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ തെറിച്ചു വീഴുന്നതു കണ്ട് സമീപവാസികള്‍ ഓടിക്കൂടി. അല്പനേരം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും എത്തി.