ഡൽഹി: ഒരു ഭർത്താവ് തന്റെ ഭാര്യ വീട്ടുജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റോ ക്രൂരതയോ അല്ലെന്ന് ഡൽഹി ഹൈക്കോടതി. അതേസമയം ഭർത്താവിനോട് ഭാര്യ കുടുംബത്തിൽ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.
പരസ്പരം ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൈമാറുകയും ഒത്തൊരുമിച്ച് നടത്തുകയും ചെയ്യുന്നതാണ് കുടുംബജീവിതത്തിന്റെ പ്രത്യേകത. വിവാഹിതയായ ഒരു സ്ത്രീ വീട്ടുജോലികൾ ചെയ്യുന്നത് അവൾ വീട്ടുജോലിക്കാരിയായതു കൊണ്ടല്ല, മറിച്ച് കുടുംബത്തോടുള്ള അവളുടെ സ്നേഹവും ഉത്തരവാദിത്തവുമാണ് അതിലൂടെ കണക്കാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിനെതിരേ ഒരാൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സിഐഎസ്എഫ് അംഗമാണ് പരാതി നൽകിയത്.
വീട്ടുജോലികളോ ഉത്തരവാദിത്തങ്ങളോ ചെയ്യാതെ ഭാര്യ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് പരാതിയാണ് ഇയാൾ നൽകിയിരിക്കുന്നത്. കൂടാതെ ഭാര്യയും ഭാര്യവീട്ടുകാരും തന്റെ കുടുംബത്തിൽ നിന്നും മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.