ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും കഴുത്തറുത്തു കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് കൊല്ലപ്പെട്ടത്. വിവാഹേതരബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളുമാണു കൊലയ്ക്കു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ലോക്നാഥിന്റെ ഭാര്യ യശ്വസിനി (19), അമ്മ ഹേമ ഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണു സംഭവം.
സോളദേവനഹള്ളിക്കു സമീപമുള്ള ബിലിജാജിയിൽ നിർമാണപ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിനു സമീപത്താണ് ലോക്നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയുമായിരുന്നു.
രണ്ടു വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലാക്കി. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്.
തുടർന്നു യുവതിയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ ലോക്നാഥിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുണ്ടെന്നും വ്യക്തമായി. ഇതോടെ യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ലോക്നാഥ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭാര്യാവീട്ടുകാരെ ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്നു ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബംഗുളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ലോക്നാഥെന്ന് പോലീസ് അറിയിച്ചു.