അമിതമായ മൊബൈൽ ഗെയിം ഉപയോഗം മൂലം താറുമാറായത് ഒരു കുടുംബം. മലേഷ്യയിലാണ് സംഭവം നടന്നത്. ഇരുപത്തിയഞ്ചുകാരനായ യുവാവ് “കിംഗ് ഓഫ് ഗ്ലോറി’ എന്ന ഗെയിമിന് അടിമപ്പെട്ട് സ്വന്തം ഭാര്യയെ പോലും വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഗെയിം അക്കൗണ്ട് ഇവർ ഓണ്‍ലൈനിൽ വിറ്റതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ദന്പതികൾ ആറുവർഷങ്ങൾക്കു മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ചൈനീസ് സ്വദേശിയായിരുന്ന വധു വിവാഹത്തെ തുടർന്ന് ഭർത്താവിനൊപ്പം മലേഷ്യയിൽ താമസം ആരംഭിക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്കു മുന്‍പാണ് ഇവരുടെ ജീവിതത്തിലേക്ക് കരിനിഴൽ പോലെ കിംഗ് ഓഫ് ഗ്ലോറി എന്ന ഗെയിം കടന്നു വന്നത്.
ആദ്യമായി ഈ ഗെയിം അദ്ദേഹം പരീക്ഷിച്ചു നോക്കിയപ്പോൾ ഭാര്യയും അദ്ദേഹത്തിനൊപ്പം കൂടിയിരുന്നു. ഈ ഗെയിം കളിക്കുന്നതിനിടെ ഭാര്യ തെറ്റുകൾ വരുത്തുന്പോൾ അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചിരുന്നത്. പിന്നീടങ്ങോട്ട് ഭാര്യയെ ഒഴിവാക്കി സുഹൃത്തുക്കൾക്കൊപ്പമായി മാറി അദ്ദേഹത്തിന്റെ ഗെയിം കളി. പതിയെ പതിയെ ഈ ഗെയിമിന് അദ്ദേഹം അടിമായായി മാറുകയായിരുന്നു.
ചില ദിവസങ്ങളിൽ കിംഗ് ഓഫ് ഗ്ലോറി കളിക്കാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഇദ്ദേഹം പിറ്റേന്ന് പുലർച്ചയാണ് വീട്ടിലേക്ക് മടങ്ങിയെത്തുന്നത്. ചിലപ്പോഴൊക്കെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചതിനു ശേഷം വീട്ടിൽ അവർക്കൊപ്പമിരുന്നു കളിക്കും.
ഭാര്യയെയും മകളെയും അദ്ദേഹം പൂർണമായും അവഗണിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഉപദേശിക്കുവാൻ എത്തുന്നവരോട് ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്ന് അദ്ദേഹം ആണയിട്ട് വാക്കു നൽകുമെങ്കിലും ഒരു പ്രാവശ്യം പോലും അദ്ദേഹം ഇത് അനുസരിച്ചിട്ടില്ല.
തങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെയുള്ള ഭർത്താവിന്റെ ഗെയിം കളി നാളുകൾ കഴിയും തോറും ഈ യുവതിക്ക് അസഹനീയമായി മാറുകയായിരുന്നു. ഗെയിം ഫോണിൽ നിന്നും നഷ്ടമായാൽ തന്റെ ഭർത്താവ് കൂടുതൽ സമയം കുടുംബത്തിനൊപ്പം ചിലവഴിക്കുമെന്ന വിശ്വാസത്തിൽ ഇവർ ഭർത്താവ് ഉറങ്ങിക്കിടക്കവേ അദ്ദേഹത്തിന്റെ മൊബൈൽ ഫോണ്‍ കൈക്കലാക്കി ഈ ഗെയിം ഓണ്‍ലൈനായി വിൽക്കുകയായിരുന്നു.
എന്നാൽ ഇവരെ ഞെട്ടിച്ച സംഭവമാണ് പിന്നീട് നടന്നത്. ഭാര്യ മൊബൈലിൽ നിന്നും ഗെയിം നഷ്ടപ്പെടുത്തിയെന്നു മനസിലാക്കിയ അദ്ദേഹത്തിന്റെ മനോനില നഷ്ടപ്പെടുകയായിരുന്നു. ഭാര്യയുമായി രൂക്ഷമായി വാക്കേറ്റം നടത്തിയ ഇയാൾ ഇവരുടെ കൈയിൽ പിടിച്ച് വലിച്ച് വീടിനു പുറത്തിറക്കി. മാത്രമല്ല ഈ ബന്ധം വേർപ്പെടുത്തണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. കൂടാതെ മലേഷ്യയിൽ നിന്നും സ്വദേശമായ ചൈനയിലേക്ക് പൊയ്ക്കോളാനും ഭാര്യയോട് പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ ( ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് അനുസരിച്ച് ഇത്തരത്തിൽ ഗെയിമിനോടുള്ള അടങ്ങാത്ത ആസക്തി ഓരോ ദിനവും ആളുകളിൽ വർധിച്ചു വരുകയാണെന്നാണ് അറിയാൻ സാധിക്കുന്നത്. തുടർച്ചയായി മൂന്നു ദിവസം ഗെയിം കളിച്ച ഒരു യുവതിയുടെ കാഴ്ച്ച ശക്തി നഷ്ടമായ സംഭവം വലിയ വാർത്തയായിരുന്നു.