ഭര്‍ത്താവിന്റെ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് യുവതിയെ കനാലില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. മുളങ്കുന്നത്തുകാവ് പള്ളത്തിശേരി ഷെറിന്റെ ഭാര്യ സാറ(32)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പുളിനാംപറമ്പില്‍ അനില്‍കുമാര്‍(34) അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. സാറയും ഭര്‍ത്താവും അത്താണിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങി രണ്ടു സ്‌കൂട്ടറുകളിലായി തിരികെവരുമ്പോള്‍ പകുതിക്കുവച്ചു ഭര്‍ത്താവ് മറ്റൊരുവഴി പോയി. സാറ അല്‍പ്പദൂരം മുന്നോട്ടുപോയപ്പോള്‍ കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ ഇവരെ തടയുകയായിരുന്നു.
തുടര്‍ന്ന് വാഹനം നിര്‍ത്തിയ സാറയുടെ കഴുത്തില്‍ ഇയാള്‍ പിടിത്തമിട്ടു. മാല പൊട്ടിക്കാനെന്നു കരുതി ബഹളംവച്ചെങ്കിലും റോഡില്‍വീണ യുവതിയെ ഇയാള്‍ സമീപത്തെ കനാലിലേക്കു തള്ളിയിട്ടു. അരയ്ക്കൊപ്പം വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് അയല്‍വാസികളെത്തിയെങ്കിലും ഇവരെ കണ്ടെത്തനായില്ല. ഈ സമയം മറ്റൊരു ബൈക്ക് യാത്രികന്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയപ്പോഴാണു യുവതിയെയും യുവാവിനെയും കണ്ടത്. പ്രതി ഓടി രക്ഷപ്പെട്ടു.
ബോധം നശിച്ചു വെള്ളത്തില്‍ കിടന്ന യുവതിയെ നാട്ടുകാര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ബോധം വീണപ്പോള്‍ ഇവര്‍ സംഭവം വിവരിച്ചു. ഓടി രക്ഷപ്പെട്ട യുവാവ്, ഒളിപ്പിച്ച ബൈക്ക് എടുക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. യുവതിയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷനായിരുന്നെന്നും ഭാര്യക്കു നീന്തലറിയാത്തതിനാല്‍ കനാലില്‍ തള്ളിയിട്ടാല്‍ മതിയെന്നും അവിടെക്കിടന്നു മരിച്ചോളുമെന്നും ആര്‍ക്കും സംശയമുണ്ടാകില്ലെന്നും ഭര്‍ത്താവു പറഞ്ഞതായും അനില്‍കുമാര്‍ വെളിപ്പെടുത്തി.
പീച്ചി ഡാം തുറന്നതിനാല്‍ കനാലില്‍ ആഴത്തില്‍ വെള്ളമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. വെള്ളം കണ്ടാല്‍ നിലവിളിക്കുന്നയാളാണു ഭാര്യയെന്നും ഭര്‍ത്താവു പ്രതിയോടു പറഞ്ഞിരുന്നു. ഈ ശ്രമം പാളിയതോടെയാണു യുവതിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ പറഞ്ഞതു നാട്ടുകാര്‍ മൊബൈലിലും പകര്‍ത്തി. നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി. ഭര്‍ത്താവ് അവിഹിതബന്ധം പുലര്‍ത്തിയിരുന്ന യുവതിയെ വിവാഹം കഴിക്കാനാണ് യുവാവിന് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് സൂചന. എന്നാല്‍ ഭര്‍ത്താവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. ഇതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. ഇയാളുടെ ബന്ധുക്കള്‍ പോലീസുകാരായതുകൊണ്ടാണു കേസെടുക്കാത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.