ചാവക്കാട്: ചെലവിനു പണം ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യയുടെ പരാതിയിൽ ഭർത്താവിന്റെ വീട്ടുപകരണങ്ങൾ ജപ്തി ചെയ്തു. മുനക്കകടവ് പൊന്നാക്കാരൻ കുഞ്ഞലിമുവിന്റെ മകൾ നസീറയുടെ പരാതിയിലാണ് ഭർത്താവ് മുനക്കകടവ് പൊക്കാക്കിലത്ത് അബ്ദുൾ ജലീലിന്റെ (ജലീൽ-36) ഗൃഹോപകരണങ്ങൾ ഇന്നലെ വൈകീട്ട് പോലീസ് ജപ്തി ചെയ്തത്.
ഇരുവരുടെയും വിവാഹം 2014ലാണു നടന്നത്. ഒരുകേസുമായി ബന്ധപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്. അധികം വൈകാതെ ജലീൽ ഗൾഫിൽ പോയി പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ചെലവിനു പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് വക്കീൽ മുഖാന്തിരം ചാവക്കാട് മജിസ്ട്രേട്ട് കോടതിയെ നസീറ സമീപിച്ചു. പ്രതിമാസം 5,000 രൂപവീതം ചെലവിനു കൊടുക്കാൻ കോടതി ഉത്തരവായി.
എന്നാൽ, കഴിഞ്ഞ 16 മാസമായിട്ടും കോടതിവിധി നടപ്പായില്ലെന്നു കാണിച്ച് നസീറ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേട്ട് പി. സുരേഷ് ജലീലിന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ടു. ഇന്നലെ വൈകീട്ട് അഞ്ചിന് മുന്പ് ഉത്തരവ് നടപ്പാക്കാനും വിധിയിൽ പറഞ്ഞിരുന്നു.
തുടർന്ന് എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ജലീലിന്റെ വീട്ടിൽ എത്തിയ പോലീസ് സംഘം കട്ടിൽ, മേശ, കസേര, അലമാര തുടങ്ങി ഒട്ടേറെ വീട്ടുപകരണങ്ങൾ ജപ്തിചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.
ഒരുമാസത്തിനകം നസീറക്ക് ലഭിക്കാനുള്ള 80,000 രൂപ ജലീൽ കൊടുത്തശേഷം വീട്ടുപകരണങ്ങൾ കൊണ്ടുപോകാം. ഇല്ലെങ്കിൽ സാധനങ്ങൾ കോടതിയുടെ അറിവോടെ ലേലം ചെയ്തു പണം ഈടാക്കും.ഇതിനിടെ, മുനക്കകടവിലെ യുവതിയെ 2014ൽ പീഡിപ്പിച്ച കേസിൽ ജലീലിന് അറസ്റ്റു വാറന്റ് നിലവിലുണ്ട്.