ആഗ്ര: ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല, നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്കുക. ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെന്ററിൽ എത്തിയ ദമ്പതികളുടെ പരാതി കേട്ടാൽ തമാശയായി തോന്നും. ഇത്തരം കാര്യങ്ങൾക്കും ദന്പതികൾ വഴക്കിടുമോ എന്നു സംശയിക്കും.
മഥുര സ്വദേശിയായ ഭർത്താവും എത്മാദ്പുർ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വർഷം മുമ്പാണു വിവാഹിതരായത്. തനിക്കൊരു ലിപ്സ്റ്റിക് വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടതോടെയാണു വഴക്കിന്റെ തുടക്കം. ഭാര്യയുടെ ആവശ്യപ്രകാരം ലിപ്സ്റ്റിക്കുമായെത്തിയ ഭർത്താവിനോടു ഭാര്യ അതിന്റെ വില ചോദിക്കുന്നു. 30 രൂപ ആയെന്നു ഭർത്താവ് പറയുന്നു. ഇതോടെ ഇത്രയും വിലയുടെ ലിപ്സ്റ്റിക് എന്തിനാണു വാങ്ങിയതെന്നു ചേദിച്ചു ഭാര്യ രോഷാകുലയായി. തനിക്കു 10 രൂപയുടെ ലിപ്സ്റ്റിക് മതിയായിരുന്നുവെന്നും ഇത്തരത്തിൽ പണം ചെലവാക്കിയാൽ കുടുംബ ബജറ്റ് താളം തെറ്റുമെന്നുമായിരുന്നു ഭാര്യയുടെ വാദം.
30 രൂപയിൽ കുറഞ്ഞ ലിപ്സ്റ്റിക് ഇല്ലായിരുന്നുവെന്നു ഭർത്താവ് പറഞ്ഞെങ്കിലും ഭാര്യ അടങ്ങിയില്ല. ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനത്തിന് മുന്നോടിയായാണ് ഇരുവരും കൗൺസിലിംഗ് സെന്ററിൽ എത്തിയത്. ഇരുഭാഗങ്ങളും കേട്ട കൗൺസിലർ അവരെ ഒരുവിധം അനുനയിപ്പിച്ചു. ഭാര്യയുടെ ഇഷ്ടമനുസരിച്ചേ ഇനി ലിപ്സ്റ്റിക് വാങ്ങൂവെന്നു ഭർത്താവ് സമ്മതിച്ചു. അതോടെ വീണ്ടും ഒന്നിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. ടൈംസ് നൗ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.