ഭാര്യയെ സൗന്ദര്യമത്സരത്തില്‍ വിജയിപ്പിക്കാന്‍ ഭര്‍ത്താവു ചെയ്ത കടുംകൈ കണ്ട് നാട്ടുകാര്‍ ഞെട്ടി

ഭാര്യയെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഒട്ടുമിക്ക ഭര്‍ത്താക്കന്മാരും. ഭാര്യയുടെ സന്തോഷത്തിനായി എന്തും ചെയ്യാന്നും ഇവര്‍ മടിക്കില്ല. എന്നാല്‍ ഇവിടെ ഭാര്യയോടുള്ള സ്‌നേഹം മൂത്ത് ഒരു ഭര്‍ത്താവ് ചെയ്തത് ഒരു കുറ്റകൃത്യമാണ്. സ്‌നേഹം മൂത്ത് അന്ധനായ ഒരു ഭര്‍ത്താവാണ് കഥാനായകന്‍. ഭാര്യയുടെ വിജയത്തിനായി അദ്ദേഹം ചെയ്തതോ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യവും. ഇനി ആ മഹാകൃത്യത്തിലേക്കു കടക്കാം… തന്റെ പ്രിയതമയ്ക്കു വേണ്ടി ഒരു മോഷണം നടത്തിയിരിക്കുകയാണ് ഛത്തീസ്ഗഡ് സ്വദേശിയായ ശ്രീകാന്ത് ഗുപ്ത.

സ്വര്‍ണമോ വജ്രമോ ഒന്നുമല്ല കേട്ടോ കക്ഷി മോഷ്ടിച്ചത്, ഭാര്യക്കായി നല്ല അസല്‍ ഡിസൈനര്‍ സാരികളാണ്. അതും വെറുതെ ഭാര്യയെ അങ്ങു സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല, മറിച്ച് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാനിരിക്കുന്ന ഭാര്യയുടെ മികച്ച പ്രകടനത്തിനായാണ്. ബിലാസ്പൂറില്‍ എല്ലാ മണ്‍സൂണിലും നടക്കുന്ന ‘സാവന്‍ സുന്ദരി’ എന്ന സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്ന ഭാര്യക്കു വേണ്ടിയായിരുന്നു ശ്രീകാന്തിന്റെ കടുംകൈ.

ഭാര്യയ്ക്ക് സാരി വിലകൊടുത്തു തന്നെ വാങ്ങി നല്‍കണമെന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹം. പക്ഷെ വെറുമൊരു സര്‍ക്കാര്‍ അധ്യാപകനായ ശ്രീകാന്തിന്റെ വരുമാനം വച്ച് അതിനു കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസൈനര്‍ സാരി ഷോപ്പില്‍ കയറി മോഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. മറ്റു മല്‍സരാര്‍ഥികളേക്കാള്‍ ഭാര്യ ഒട്ടും പുറകിലാവരുതെന്ന ചിന്തയായിരുന്നു ശ്രീകാന്തിനെ ഒരു കള്ളനാക്കിയത്. മനസു നിറയെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ശ്രീകാന്ത് ആ ഡിസൈനര്‍ സാരികള്‍ ഭാര്യ പ്രമീളയ്ക്കു സമ്മാനിക്കുകയും ചെയ്തു.

ഇരുപത്തിയാറുകാരിയായ പ്രമീള വിലകൂടിയ ഡിസൈനര്‍ സാരികള്‍ ധരിച്ച് റാംപില്‍ ചുവടുവെച്ചതോടെയാണ് മോഷണകഥ പുറത്തുവരുന്നത്. സാരികള്‍ ശ്രദ്ധയില്‍പ്പെട്ട കാഴ്ച്ചക്കാരില്‍ ആരോ ആണ് സംഗതി കടയുടമകളെ അറിയിച്ചത്. ശേഷം കടയുടമകളുടെ പരാതിയെത്തുടര്‍ന്ന് പ്രമീളയെയും ശ്രീകാന്തിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്തായാലും കയ്യില്‍ കാശില്ലെങ്കില്‍ മോഷ്ടിച്ചായാലും ഭാര്യയെ സ്‌നേഹിക്കുമെന്ന ശ്രീകാന്തിന്റെ നിലപാടിനെ പലരും അഭിനന്ദിക്കുന്നുണ്ടെന്നതാണ് വാസ്തവം.

 

Related posts