ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താല്‍ അവരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.
എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ പിരിയാനാവില്ലെന്നാണ് ഭാര്യ പറയുന്നത്. ഇതേത്തുടര്‍ന്ന് വിവാഹബന്ധം ഭാര്യ വനിതാ സംരക്ഷണ സെല്ലിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്.
നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്‍.
ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് യുവതി വിശദമാക്കിയതായി സെല്ലിന്റെ ചുമതലയിലുള്ള അധികൃതര്‍ പ്രതികരിക്കുന്നത്.
ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.