കുടുംബ ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ പരസ്പരം വിട്ടു വീഴകൾ ചെയ്യണമെന്നാണ് പൊതുവെ പറയുന്നത്. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നിച്ചു പോകാൻ പറ്റാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി.
ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ അത്ഭുതകരമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് കൊല്ലാൻ വേണ്ടി തന്നെ താഴേക്ക് തള്ളിയിട്ടു. അവിടെനിന്ന് പുതിയ ജീവിതത്തിൽ തിരിച്ചെത്തിയ കഥ കേട്ടാൽ കണ്ണു നിറഞ്ഞുപോകും.
വാങ് നാൻ എന്ന 38 -കാരിയാണ് അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം.
ഭർത്താവ് യുസിയാവോ ഡോംഗാനുമായി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ നല്ല രീതിയിൽ അവരുടെ ബന്ധം മുന്നോട്ട് പോയിരുന്നു. എന്നാൽ ചൂതാട്ടത്തിലൂടെ അയാൾക്ക് ധാരാളം കടങ്ങൾ ഉണ്ടായതോടെ അയാൾ വാങിനെ ഉപദ്രവിക്കാൻ തുടങ്ങി. അവളുടെ സമ്പത്തെല്ലാം കൈക്കലാക്കണം എന്ന ഒറ്റ ചിന്ത മാത്രമായി അയാൾക്ക്. തന്റെ കടം വീട്ടാൻ വാങിന്റെ സ്വത്തുക്കൾ വിറ്റാൽ മാത്രമേ തീരുള്ളു എന്ന ബോധ്യപ്പെട്ടതോടെ സ്വത്തുക്കൾ കൈക്കലാക്കാൻ അയാൾ വഴികൾ ആലോചിച്ചു.
അങ്ങനെ ഗർഭിണിയായ വാങിനെ അയാൾ പാറക്കെട്ടിൽ നിന്നും താഴേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ വാങിന്റെ ശരീരത്തിൽ 17 ഒടിവുകളുണ്ടായി. ശരീരത്തിൽ 100 -ലധികം സ്റ്റീൽ പിന്നുകൾ വയ്ക്കേണ്ടി വന്നു. ആ വീഴ്ചയിൽ അവൾക്ക് ആ കുഞ്ഞിനെയും നഷ്ടപ്പെട്ടു. എന്നാൽ, തന്റെ ജീവിതം ആ ദുരന്തത്തിൽ അവസാനിപ്പിക്കാൻ അവൾ തയാറായിരുന്നില്ല.
വീണ്ടും ഗർഭം ധരിക്കുക എന്നത് ഒരിക്കലുമിനി സാധ്യമാകില്ല എന്ന് ഡോക്ടർമാർ വാങ്ങിന് മുന്നറിയിപ്പ് നൽകി. എന്നാൽ, വർഷങ്ങളോളം നീണ്ടുനിന്ന റീഹാബിലിറ്റേഷനും നിരവധി ശസ്ത്രക്രിയകൾക്കും ശേഷം അവളുടെ ജീവിതത്തിൽ പല മാറ്റങ്ങളുമുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഐവിഎഫ് വഴി അവൾ തനിക്കൊരു മകൻ ജനിച്ചതായി വെളിപ്പെടുത്തി.
കുഞ്ഞ് ജനിച്ചിട്ടും പക്ഷേ വാങിനെ തേടി ദുരന്തം വിട്ടുമാറിയില്ല. ഹൃദയത്തിന് തകരാറുമായിട്ടാണ് ആ കുഞ്ഞ് ജനിച്ചത്. നിരവധി ചികിത്സകൾ നടത്തുന്നുണ്ടെന്ന് വാങ് അറിയിച്ചു. ഇതുകൊണ്ടൊന്നും താൻ തളരാൻ ഒരുക്കമല്ല എന്നാണ് വാങ് പറയുന്നത്.
അതേസമയം, വാങ്ങിനെ കൊല്ലാൻ നോക്കിയതിന് ഭർത്താവ് യു സിയാവോഡോംഗിനെ 33 കൊല്ലത്തേക്ക് ശിക്ഷിച്ചു. എന്നാൽ, അവരുടെ വിവാഹമോചനം ഇതുവരെയും നടന്നില്ല. യു ആവട്ടെ തന്റെ യുവത്വം മൊത്തം ജയിലിലാണ് എന്ന് കാണിച്ച് 35 കോടി വാങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.