വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും വര്‍ഷങ്ങള്‍ ഒപ്പം താമസിച്ച പങ്കാളി ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാള്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ ആരും തകര്‍ന്നു പോകും.
ഇവിടെ നാലരവര്‍ഷത്തിലധികം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവ് വിവാഹ മോചനം നേടുക മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഹണിമൂണിന് പോവുകയും ചെയ്തുവെന്നതാണ് യുവതിയുടെ ഹൃദയം തകര്‍ത്തത്.
യുവതി ഭര്‍ത്താവുമൊത്ത് തങ്ങളുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്ത അതേ ഹോട്ടലില്‍,അതേ ദിവസങ്ങളില്‍ അവളുടെ ഭര്‍ത്താവും അവളുടെ ബെസ്റ്റ് ഫ്രണ്ടും ഹണിമൂണ്‍ ആഘോഷിച്ചു എന്നതാണ് യുവതിയെ തകര്‍ത്തു കളഞ്ഞത്.
കാതറിനും ഭര്‍ത്താവും ടിമ്മും (പേരുകള്‍ യഥാര്‍ത്ഥമല്ല) നല്ല രീതിയിലായിരുന്നു അതുവരെ മുന്നോട്ടുപോയിരുന്നത്. സന്തോഷത്തോടെയും നിറഞ്ഞ സ്നേഹത്തോടെയുമാണ് യുകെയിലെ ഈ ദമ്പതികള്‍ ജീവിതം നയിച്ചത്.
ജോലിത്തിരക്കുകളെത്തുടര്ന്ന് വര്‍ഷങ്ങളായി മാറ്റിവെച്ച ശേഷം ഹണിമൂണിനായി ഇരുവരും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഒടുവില്‍ ലക്ഷ്വറി ഹോട്ടല്‍ ബുക്ക് ചെയ്യാനും തീരുമാനിച്ചു.
ജോലി കഴിഞ്ഞ് കാതറിന് വീട്ടിലെത്തി. ഹണിമൂണ്‍ ട്രിപ്പ് ബുക്ക് ചെയ്യുകയായിരുന്നു വരവിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ വന്നപ്പോള്‍ മുതല്‍ ടിമ്മിന്റെ മുഖത്ത് നിരാശയും സന്തോഷമില്ലായ്മയും കാതറിന് ശ്രദ്ധിച്ചു.
കാതറിനെ ചേര്‍ത്ത് നിര്‍ത്തിയ ശേഷം ടിം പറഞ്ഞത് ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്ന കാര്യമായിരുന്നില്ല. അവളില്‍ നിന്ന് വിവാഹ മോചനം വേണമെന്ന ആവശ്യമാണ് ടിം മുന്നോട്ടുവെച്ചത്.
”അതുകേട്ട ശേഷം കാഴ്ചകളെല്ലാം മങ്ങുന്നതുപോലെ തോന്നി. അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത പിരിമുറുക്കം ദൃശ്യമായിരുന്നു. അതുകേട്ട് ഞാന്‍ വല്ലാത്ത ഷോക്കിലായിപ്പോയി. വിവാഹമോചനം ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് കരഞ്ഞുകൊണ്ട് ഞാന്‍ ചോദിച്ചതായി ഓര്‍മയുണ്ട്. എന്നോട് പ്രണയമില്ലെന്നും ഈ ബന്ധം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് ടിം പറഞ്ഞത്”- വിവാഹ മോചന അനുഭവം പങ്കുവെച്ച് കാതറിന് പറയുന്നു. ‘
കാതറിന്റെ അടുത്ത ബന്ധുക്കള്‍ക്ക് പോലും ടിമ്മിന്റെ പെട്ടെന്നുള്ള പിന്മാറ്റം വിശ്വസിക്കാനാകുമായിരുന്നില്ല. ഇവരുടെ ബന്ധത്തിനിടയില്‍ വില്ലനായി മൂന്നാമന് ആരെങ്കിലും ഉണ്ടോ എന്നുപോലും ബന്ധുക്കള്‍ സംശയിച്ചു.
അടുത്ത സുഹൃത്തുക്കള്‍ പോലും അകന്നുമാറുന്നതും കൂട്ടായ്മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമെല്ലാം കാതറിന്റെ ശ്രദ്ധയില്‍പ്പെട്ടു.
നടന്നതെല്ലാം അമ്മയോട് പറഞ്ഞു. താന്‍ കടന്നുപോകുന്ന ഇപ്പോഴത്തെ വിഷാദ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷയില്‍ പ്രഭാത ഭക്ഷണത്തിനായി അടുത്ത സുഹൃത്തിനെ ക്ഷണിക്കാന്‍ കാതറിന് തീരുമാനിച്ചു. സുഹൃത്തായ യുവതി വന്നപ്പോള്‍ അവരുടെ സുഹൃത്തായ മറ്റു രണ്ടുപേര്‍ കൂടി ഒപ്പമുണ്ടായിരുന്നു.
”ആ സമയത്താണ് ഞാന്‍ ശ്രദ്ധിച്ചത്, അവള് വലിയ പിരിമുറുക്കത്തിലായിരുന്നു. എന്തോ എന്നോട് പറയണമെന്ന് ആഗ്രഹിക്കുന്നതുപോലെ തോന്നി. പക്ഷെ അത് കേള്‍ക്കാന്‍ അത്ര സുഖകരമായ കാര്യമായിരുന്നില്ല.” കാതറിന് ഓര്‍മിക്കുന്നു.
തന്റെ ഭര്‍ത്താവുമായി കൂട്ടുകാരി പ്രണയത്തിലായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ തളര്‍ന്നുപോയി. ടിമ്മിനെയും മറ്റുകൂട്ടുകാരെയും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല.
അങ്ങനെയിരിക്കെ തങ്ങള്‍ ഒരുമിച്ച് ഹണിമൂണിനായി പ്ലാന്‍ ചെയ്തിരുന്ന ദിവസങ്ങളായിരുന്നു അതെന്ന് കാതറിന് തിരിച്ചറിഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ തന്റെ കൂട്ടുകാരിയും ഭര്‍ത്താവ് ടിമ്മും തമ്മിലുള്ള ഒരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.
കാതറിന് ഹണിമൂണിനായി പ്ലാന്‍ ചെയ്ത അതേ ഹോട്ടലില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. തന്നില്‍ നിന്ന് വിവാഹമോചനം ആഗ്രഹിച്ച ശേഷമാണ് കൂട്ടുകാരിയുമായി പ്രണയത്തിലായതെന്നാണ് ടിം പറയുന്നത്. പക്ഷെ അത് വിശ്വസനീയമല്ലെന്ന് കാതറിന് അനുഭവ കുറിപ്പില്‍ പറയുന്നു.