അനുവാദമില്ലാതെ ഭർത്താവിന്റെ മൊബൈൽ ഫോണ് ഉപയോഗിച്ച ഭാര്യയ്ക്ക് തടവു ശിക്ഷ. യുഎഇയിലാണ് ഏറെ നാടകീയമായ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി യുവതിക്ക് മൂന്നു മാസത്തെ ശിക്ഷയാണ് വിധിച്ചത്.
ഭർത്താവിന്റെ ആരോപണം ഇങ്ങനെ. “ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഫോണ് കൈക്കലാക്കുന്ന ഭാര്യ, ഫോണിലെ ചിത്രങ്ങളും സുഹൃത്തുക്കളുമായി കൈമാറുന്ന സന്ദേശങ്ങളും എല്ലാം ഇവരുടെ ഫോണിലേക്കു പകർത്തുന്നുവെന്നാണ്. മാത്രമല്ല എന്റെ സ്വകാര്യവിവരങ്ങൾ ഇവർ സ്വന്തം സഹോദരങ്ങൾക്ക് കൈമാറാറുണ്ടെന്നും ആരോപിച്ചു’.
എന്നാൽ ഭാര്യയുടെ വാദമിങ്ങനെ. “കുറെ നാളുകൾക്കു മുമ്പ് ഒരു യുവതിക്ക് അദ്ദേഹം സന്ദേശങ്ങൾ അയക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം ഫോണിന്റെ പാസ് വേഡ് എനിക്കു പറഞ്ഞു തരുകയും ഫോണ് ഉപയോഗിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തിരുന്നതാണ്’.
ദമ്പതിമാർ പങ്കാളിയുടെ ഫോണ് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് യുഎഇയിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. റാസൽ അൽ ഖൈമയിലെ കോടതിയാണ് ഈ യുവതിക്ക് ശിക്ഷ വിധിച്ചത്.