ലോകത്തെ ഏറ്റവും ആക്രമകാരിയായ ജീവിവര്‍ഗങ്ങളിലൊന്നായിയാണ് ഹിമക്കരടികളെ കാണുന്നത്. എന്നാല്‍ കാനഡയിലെ മാനിറ്റോബയില്‍ നിന്നുള്ള ഈ കാഴ്ച ഒരുപക്ഷെ ഈ അഭിപ്രായം മാറ്റിയേക്കാം. അലാസ്കന്‍ മാലമൂട്ട് ഇനത്തില്‍പ്പെട്ട നായ്കുട്ടിയെ ഭീമാകാരനായ ഹിമക്കരടി ഓമനിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്വന്തം കുഞ്ഞിനു സമാനമായി പട്ടിക്കുഞ്ഞിനെ തഴുകുന്ന കരടിയുടെ ദൃശ്യം ആരുടെയും മനസു നിറയ്ക്കും.
സാധാരണ ഗതിയില്‍ ഹിമക്കരടിയുടെ പിടിയില്‍ പെട്ടാല്‍ നായക്കുട്ടിയുടെ ജീവന്‍ പോകേണ്ടതാണ്. എന്നാല്‍ ഇവിടെ കരടി കരുതലോടെ നായക്കുട്ടിയെ പരിചരിക്കുന്ന കാഴ്ച അദ്ഭുതാവഹമാണ്. സംഭവിക്കുന്നതെന്താണെന്ന് തനിക്ക് പിടികിട്ടുന്നില്ലെന്നായിരുന്നു ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറായ ഡേവിഡ് ഡി മ്യൂലസ് പറയുന്നത്. ഇത് തന്റെ ആയുഷ്കാലത്തേക്കുള്ള ദൃശ്യങ്ങള്‍ ആണെന്നും ഇദ്ദേഹം പറയുന്നു.
ബ്രയാന്‍ ലാഡോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വളര്‍ത്തുന്ന ഹിമക്കരടിയും ഹസ്കി(മാല്‍മൂട്ട്) നായയും തമ്മിലാണ് അപൂര്‍വ സൗഹൃദം ഉടലെടുത്തത്.പൊതുവെ മഞ്ഞു പ്രദേശങ്ങളില്‍ വളരുന്ന മാലമൂട്ട് ഇനത്തില്‍ പെട്ട നായകള്‍ ധൈര്യത്തിനു പേരുകേട്ടവരാണ്. അതുകൊണ്ടാണ് നായകളെ ഹിമക്കരടികളുടെ അടുത്ത് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ലാഡോന്‍ പറയുന്നത്. ഒരിടത്തു കെട്ടിയിട്ടിരുന്ന നായ ചങ്ങല പൊട്ടിച്ചതോടെയാണ് ഹിമക്കരടിയുടെ അടുത്തെത്തുന്നത്. ഉടന്‍ നായയുടെ അടുത്തേക്കു വന്ന ഹിമക്കരടി അനുസരണക്കേടു കാണിക്കുന്ന മകനെ നിയന്ത്രിക്കുന്നതു പോലെ ഒരു കയ്യെടുത്ത് നായയുടെ ചങ്ങല പിടിച്ചു. അതിനു ശേഷം രണ്ടാമത്തെ കയ്യെടുത്ത് നായയുടെ പുറത്ത് മൃദുവായി തഴുകി. ഇടയ്ക്ക് വേദനിപ്പിക്കാതെ ചെറിയ കടി കൊടുക്കുന്നതും കാണാമായിരുന്നു. കരടിയുടെ സ്‌നേഹപരിചരണത്തില്‍ ഈ നായക്കുട്ടി വളരെ ശാന്തനായിരിക്കുന്നതും കാണാം. ഇവരെ കൂടാതെ അവിടെ മറ്റു നായ്ക്കളെയും ഹിമക്കരടികളെയും കാണാം. എന്നാല്‍ അവരൊക്കെ തമ്മില്‍ അത്ര ലോഹ്യമില്ലയെന്നു മാത്രം.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
https://www.youtube.com/watch?v=AmNHA_j-dUsS