ചെമ്പേരി: മലയോരമേഖലയിൽ മുമ്പെങ്ങും കാണപ്പെടാത്ത അസാധാരണയിനം പക്ഷിയെ കഴിഞ്ഞദിവസം ചെമ്പേരിയിൽ കണ്ടെത്തി. ചെമ്പേരി ഫൊറോന ദേവാലയത്തിനു സമീപത്തെ വീട്ടുമുറ്റത്താണ് പ്രത്യേക രൂപഭംഗിയോടുകൂടിയ ഈ പക്ഷിയെ കണ്ടത്.
ഇസ്രയേലിന്റെ ദേശീയപക്ഷിയായ ‘ഹൂപ്പോ’ ആണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ’ഉപൂപ എപോപ്സ് ‘എന്നാണിതിന്റെ ശാസ്ത്രനാമം. മണ്ണിലുള്ള ഉറുമ്പുകളെയും ചെറുപ്രാണികളെയും കൊത്തിത്തിന്നുകൊണ്ട് ഏറെനേരം വീട്ടുമുറ്റത്തുകൂടി ഓടിനടന്ന പക്ഷി പിന്നീട് എവിടേക്കോ പറന്നുപോയി.
അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വീട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയിട്ടുണ്ട്. മലയോരത്തെ മറ്റുചില പ്രദേശങ്ങളിലും ഇതിനടുത്ത ദിവസങ്ങളിൽ ഈയിനം പക്ഷിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മങ്ങിയ കാവി നിറമുള്ള പക്ഷിയുടെ ദേഹത്ത് ചിറകുകളും വാലുമടങ്ങിയ ഭാഗം കറുപ്പും വെള്ളയും ഇടവിട്ടുള്ള സീബ്രാവരകൾ പോലെയാണ്.
കൂടിച്ചേർന്ന് ഒരു കൊമ്പുപോലെ തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുകൾ ഇടയ്ക്കിടെ ചൈനീസ് വിശറിയുടെ ആകൃതിയിൽ വിടർത്തുന്ന കാഴ്ച അതിമനോഹരമാണ്. മണ്ണിൽനിന്നു തീറ്റ കൊത്തിത്തിന്നുമ്പോഴും പരിസരം വീക്ഷിക്കുമ്പോഴും തലയിലെ തൂവലുകൾ ഇത്തരത്തിൽ വിടർത്താറുണ്ട്.
തലയിലെ തൂവലുകളുടെ അഗ്രഭാഗത്തുള്ള കറുപ്പും വെള്ളയും പുള്ളികളാണ് വിടർത്തുമ്പോൾ അവയെ ഏറെ മനോഹരമാക്കുന്നത്.
മനുഷ്യസാമീപ്യം അത്രയൊന്നും ഭയപ്പെടാത്ത ഈ പക്ഷി ആരെങ്കിലും അടുത്തുചെന്നാൽ അല്പദൂരം നീങ്ങുമെന്നേയുള്ളു. ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചാൽ കുറച്ചുദൂരേക്കു പറന്നിറങ്ങി മണ്ണിൽ തേടിനടന്ന് തീറ്റ കൊത്തിയെടുക്കുകയാണ് ചെയ്യുക.
സ്വന്തം വാസസ്ഥലത്ത് തണുപ്പ് വർധിക്കുമ്പോൾ ചൂടുള്ള മേഖലയിലേക്ക് ദേശാടനം നടത്തി എത്തുന്നതാണിവയെന്നാണ് പക്ഷിനിരീക്ഷണവിദഗ്ധർ പറയുന്നത്. മുൻവർഷങ്ങളിൽ കേരളത്തിൽ മറ്റു ചില പ്രദേശങ്ങളിലും ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.