കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ അർധരാത്രി ദുരൂഹസാഹചര്യത്തിൽ ഒരു വിദേശ പൗരൻ മതിൽ ചാടിക്കടന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ പോലീസ് വലിയ വീഴ്ച വരുത്തിയെന്നും ഹൈബി ഈഡൻ എംഎൽഎ. കഴിഞ്ഞ 16ന് അർധരാത്രിയിലായിരുന്നു സംഭവം. അർധരാത്രി കോന്പൗണ്ടിൽ കയറി മേൽശാന്തി ഉപയോഗിക്കുന്ന ക്ഷേത്രക്കുളത്തിന്റെ മറവിൽ കണ്ടതിനെത്തുടർന്ന് ജീവനക്കാർ ഇയാളെ ദേവസ്വം ഓഫീസിലെത്തിക്കുകയായിരുന്നു.
ദേവസ്വം ഓഫീസർ സെൻട്രൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസെത്തി ഇയാളെ ഏറ്റു വാങ്ങുകയും ചെയ്തു. ദേവസ്വം ഓഫീസിൽ വച്ച് യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന് ഇയാൾ ഒരു പോർച്ചുഗീസ് പൗരനാണെന്നും കറാച്ചിയിൽനിന്നു മുംബൈ വഴിയാണ് കൊച്ചിയിലെത്തിയതെന്നും മനസിലായി.
എന്നാൽ ക്ഷേത്രജീവനക്കാരുടെ യാതൊരു സംശയങ്ങൾക്കും മറുപടി നൽകാതെ അടുത്തദിവസം തന്നെ ആൾ കുഴപ്പക്കാരനല്ലാത്തതിനാൽ പറഞ്ഞുവിട്ടു എന്ന മറുപടിയാണ് പോലീസിൽനിന്നു ലഭിച്ചത്. വിദേശി ക്ഷേത്ര കോന്പൗണ്ടിൽ പ്രവേശിച്ച സമയമായ രാത്രി 11.28 മുതൽ 11.42 വരെ ക്ഷേത്രത്തിലെ എല്ലാ സിസിടിവി കാമറകളും പ്രവർത്തനരഹിതമായി കാണപ്പെട്ടത് കൂടുതൽ ദുരൂഹതയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നതെന്ന് ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു.