കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി നേതാക്കള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ച് നല്‍കാഞ്ഞതിലുള്ള പി. രാജീവിന്റെ പ്രതികാരമാണു പാലാരിവട്ടം പാലം അഴിമതി കേസെന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോപണത്തിന്റെ ചൂടാറുംമുമ്പ് ഇതിനുപിന്തുണയുമായി ഹൈബി ഈഡന് എംപി രംഗത്തെത്തിയതോടെ പ്രചരണ രംഗം പാലത്തില്‍ തട്ടി ചൂടുപിടിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹിം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നതു താന്‍ നേരിട്ട് കണ്ടതാണെന്നു സ്വകാര്യ ചാനലിനോടാണു എംപി വെളിപ്പെടുത്തിയത്.ലോക്സഭ തെരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരില്വച്ച് രാജീവ് ഭീഷണിപ്പെടുത്തുന്നതു താന്‍ നേരിട്ട് കണ്ടെന്നാണു ഹൈബിയുടെ വാദം.
ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതാണു എംപിയുടെ വെളിപ്പെടുത്തലും. വൈരാഗ്യ ബുദ്ധിയോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.ഇതിലും വലുത് ഇബ്രാഹിംകുഞ്ഞ് പ്രതീക്ഷിക്കണമായിരുന്നുവെന്നുമാണു എംപി പറഞ്ഞത്. എന്നാല്‍ വോട്ട് മറിക്കല്‍ ആരോപണം തള്ളി പി. രാജീവ് രംഗത്തെത്തിയിരുന്നു.
പരാജയഭീതി മൂലം ഇബ്രാഹിം കുഞ്ഞിന്റെ നില തെറ്റിയെന്നാണു രാജീവ് വ്യക്തമാക്കിയിരുന്നത്.ഇബ്രാഹിം കുഞ്ഞിന്റെ ആരോപണത്തോടെ കളമശേരി മണ്ഡലത്തില്‍ യുഡിഎഫിനു പുതിയൊരു പ്രചാരണ വിഷയം ലഭിച്ചിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടുന്നതാണു എംപിയുടെ വെളിപ്പെടുത്തലും.
അടുത്ത ദിവസങ്ങളില്‍ കളമശേരി നിയോജക മണ്ഡലത്തില്‍ ഈ വിഷയത്തിന്മേല് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നേതാക്കളും മണ്ഡലത്തിലെത്തുന്നുണ്ട്.