കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ പാൽ പിടികൂടി. ഇന്നു രാവിലെ ആര്യങ്കാവ് ചെക്കുപോസ്റ്റിൽ ക്ഷീരവികസനവകുപ്പ് നടത്തിയ പരിശോധനയിൽ ആണ് തമിഴ്നാട്ടിൽനിന്നു ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ മായം ചേർന്ന പാൽ പിടികൂടിയത്.
പന്തളത്തേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. പാൽ കേടാകാതിരിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയതായാണ് പ്രാഥമിക വിവരം.
ക്ഷീരവികസനവകുപ്പ് പിടികൂടിയ പാൽ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറി. അവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടി.
ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മായം കലർത്തിയ പാൽ വൻതോതിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ക്ഷീരവികസനവകുപ്പ് പരിശോധനടത്തിയത്. വരുംദിവസങ്ങളിലും ചെക്കുപോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.