ഷൊർണൂർ: കൊടുംവരൾച്ചയുടെ തീക്ഷ്ണതയിൽ കൃഷിനാശം നേരിടുന്നതു തടയാനും മണ്ണിലെ ജലാംശം നിലനിർത്താനും പട്ടാന്പി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഗുളികകൾ കർഷകരുടെ രക്ഷയ്ക്ക് എത്തും.
വിളകളിൽ ഉപയോഗിക്കാവുന്ന ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ച് പോലെ വെള്ളം വലിച്ചുകുടിച്ചുവീർത്ത് മണ്ണിൽ കിടക്കും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽനിന്നു ഹൈഡ്രജൻ വാങ്ങി പട്ടാന്പിയിലെ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഗുളികകളാക്കി മാറ്റിയാണ് കർഷകർക്കു നല്‍കുന്നത്.
പച്ചക്കറികൾക്കു നാലെണ്ണവും വാഴയ്ക്ക് എട്ടെണ്ണവും കവുങ്ങിന് 10 എണ്ണവും തെങ്ങിന് 20 ഗുളികകളുമാണ് ഇടേണ്ടത്. വെള്ളം വലിച്ചുകുടിക്കുന്ന ഇവ മണ്ണിൽ ഈർപ്പം നിലനില്‍ക്കുന്നതിനാൽ നനയുടെ അളവിൽ കുറവുവരുത്താൻ ഏറെ സഹായകരമാകും. ഒരു ഗുളികയ്ക്ക് മൂന്നുരൂപയാണ്.
വലിയ മഴ പെയ്യുന്നതുവരെയാണ് ഈ ഗുളികകളുടെ ആയുസ്. പട്ടാന്പി കൃഷിവിജ്ഞാന കേന്ദ്രത്തിൽ വില്പനയ്ക്കായി വച്ചിട്ടുണ്ട്. കൊടുംവരൾച്ചയിൽ കർഷകർക്കു ഗുളികകൾ ഏറെ ആശ്വാസകരമാകും. പച്ചക്കറികളും ചെറുകിട നാണ്യവിളകളും നശിക്കാതെ സംരക്ഷിക്കാൻ ഇതുവഴി കർഷകർക്ക് ആകുമെന്നാണ് പ്രതീക്ഷ.
നെൽവിത്ത് ഉത്പാദനരംഗത്തും കാർഷിക വൃത്തിയിലും ശ്രദ്ധേയമായ മാറ്റങ്ങൾക്കു പട്ടാന്പി കാർഷിക ഗവേഷണകേന്ദ്രം മുന്നേറ്റം നടത്തിയിട്ടുണ്ട്.