സമൂഹമാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് കോട്ടയം ടൗണില്‍ ആംബുലന്‍സിന് വഴിയൊരുക്കി മുന്നിലോടിയ ഒരു പോലീസുകാരന്റേത്. വീഡിയോ പ്രചരിച്ചതോടെ പേരറിയാത്ത പോലീസുകാരനെത്തേടി വലിയ രീതിയിലുള്ള അഭിനന്ദനങ്ങളും എത്തിയിരുന്നു.
ഇപ്പോഴിതാ ജോലിയോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് ഹൈവേ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനെത്തേടി അര്‍ഹിക്കുന്ന അംഗീകാരം എത്തിയിരിക്കുന്നു. പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയാണ് ഈ പോലീസുകാരന് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 26 ന് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആളുമായി ആംബുലന്‍സ് പാഞ്ഞെത്തിയത്. പുളിമൂട് ജംക്ഷനില്‍ എത്തിയപ്പോഴേക്കും ആംബുലന്‍സ് പൂര്‍ണമായും ഗതാഗത കുരുക്കില്‍പ്പെട്ടു. ജീവനോട് മല്ലിടുന്ന ആ മനുഷ്യന്‍ മാത്രമായിരുന്നു ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ലക്ഷ്യം.
തുടര്‍ന്ന് ആംബുലന്‍സിനു മുന്നിലൂടെ ഓടി, വശം കൊടുക്കാതെ കിടന്നിരുന്ന വാഹനങ്ങളില്‍ തട്ടി വഴിയൊരുക്കുകയായിരുന്നു രഞ്ജിത്ത്. ഒരു മിനിറ്റിനുള്ളില്‍ തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കുകയായിരുന്നു ഈ പോലീസുകാരന്‍.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പോലീസുകാരന്റെ ആത്മാര്‍ഥതയുടെ വിഡിയോ എടുത്തതും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. വീഡിയോ വൈറലായതോടെ ഇദ്ദേഹത്തെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും വീഡിയോ എടുത്തതോ ഇത്രയും വൈറലാവുമെന്നോ ഒന്നും താന്‍ വിചാരിച്ചിരുന്നില്ല എന്നും ട്രാഫിക് പോലീസുകാര്‍ക്കെതിരെ പൊതുവെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഇതിലൂടെയെങ്കിലും ഒരന്ത്യം ഉണ്ടാവുമെന്ന് കരുതുന്നതായും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.