ഐക്യമത്യം മഹാബലം എന്നു പറയാറില്ലേ. ഈ തിയറി ഉപയോഗിച്ച ആഫ്രിക്കയിലെ രണ്ടു കഴുതപ്പുലികളാണ് ഇപ്പോല്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കടുവയും സിംഹവും പുലിയും പോലെയുള്ള ശക്തരായ മൃഗങ്ങള്‍ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളാണ് കഴുതപ്പുലികള്‍ ഭക്ഷണമാക്കുന്നത്.
എന്നാല്‍ തരംകിട്ടിയാല്‍ ഇവ കൂട്ടംകൂടി ഇരകളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവിടെ പുള്ളിപ്പുലി കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിനു പകരം പുള്ളിപ്പുലിയുടെ ഭക്ഷണം മൊത്തത്തില്‍ അടിച്ചുമാറ്റുകയാണ് രണ്ട് കഴുതപ്പുലികള്‍.
പുള്ളിപ്പുലികള്‍ ഒറ്റയ്ക്കു വേട്ടയാടി ഭക്ഷണം മരത്തിനു മുകളില്‍ കൊണ്ടുവച്ചാണ് ഭക്ഷിക്കാറുള്ളത്. ഭക്ഷിച്ച് കഴിഞ്ഞതിനു ശേഷമുള്ള ഇരയുടെ ശരീരഭാഗങ്ങളും മരത്തിനു മുകളില്‍ സൂക്ഷിക്കുകയാണ് ഇവയുടെ പതിവ്.
സാധാരണയായി ഇത്തരം അവശിഷ്ടങ്ങളാണ് കഴുതപ്പുലികള്‍ ഭക്ഷിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. കഷ്ടപ്പെട്ടു വേട്ടയാടിയ മാന്‍ വര്‍ഗത്തില്‍ പെട്ട ജീവിയുമായി മരത്തിലേക്ക് കയറുകയായിരുന്നു പുള്ളിപ്പുലി.
എന്നാല്‍ മരക്കൊമ്പിനിടയിലായി ഇര കുടുങ്ങി. പുള്ളിപ്പുലി വായില്‍ ഇരയുടെ കഴുത്തും ബാക്കി ശരീരഭാഗം താഴോട്ടും തൂങ്ങിക്കിടന്നു. ഈ അവസരം മുതലാക്കിയാണ് കഴുതപ്പുലികള്‍ ഇരയുടെ കാലില്‍ പിടുത്തമിട്ടത്.
തറനിരപ്പില്‍ നിന്ന് മുകളിലേക്ക് ചാടിയാണ് കഴുതപ്പുലി പുള്ളിപ്പുലിയുടെ ഇരയുടെ കാലില്‍ പിടുത്തം മുറുക്കിയത്. ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇരയുടെ കാലില്‍ പിടുത്തം കിട്ടിയത്. തുടര്‍ന്ന് കഴുതപ്പുലി കാലില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം.
മാനിന്റെയും കഴുതപ്പുലിയുടെയും ഭാരം താങ്ങാനാകാതെ പുലി അവശനായതോടെ കഴുതപ്പുലിയുടെ പദ്ധതി വിജയിച്ചു. ഒടുവില്‍ കഴുതപ്പുലി മാനിനെ വലിച്ച് താഴെയിടുന്നതും വീഡിയോയില്‍ കാണാനാകും.
സമീപത്തു നിന്ന കഴുതപ്പുലിയും ഇരയുടെ കാലില്‍ പിടുത്തമിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് മാര്‍ച്ച് 9ന് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കപവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. നിരവധിപേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.