വേഗതയുടെ റിക്കാര്‍ഡുകള്‍ കടപുഴക്കി ഹൈപ്പര്‍ലൂപ്പിന്റെ തേരോട്ടം. മൂന്നാം പരീക്ഷണയോട്ടത്തില്‍ 240 മൈല്‍ ( 387 കി.മീ) വേഗമാണ് ഹൈപ്പര്‍ ലൂപ്പ് കൈവരിച്ചത്. ഇതോടെ നിലവില്‍ ഏറ്റവും വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും ഹൈപ്പര്‍ലൂപ്പിനായി. ഡിസംബര്‍ 15 ന് നടന്ന പരീക്ഷണയോട്ടത്തിന്റെ വിവരങ്ങളാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പുറത്തുവിട്ടത്. യാത്രക്കാര്‍ക്കു സഞ്ചരിക്കാനുള്ള അറയായ ‘പോഡി’ന്റെ ആദ്യ മാതൃക മണിക്കൂറില്‍ 387 കിലോമീറ്റര്‍ വരെ വേഗമാണു കൈവരിച്ചത്. സ്റ്റാര്‍ട് അപ് കമ്പനിയായ ഹൈപ്പര്‍ലൂപ്പ്് വണ്‍ വികസിപ്പിച്ച ആദ്യ തലമുറ പാസഞ്ചര്‍ പോഡായ ‘എക്‌സ് പി – 1’ ആണ് ആദ്യ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. ഇത് ആദ്യ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ എന്ന റിക്കോര്‍ഡ് വേഗം കൈവരിച്ചിരുന്നു.
അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ തയ്യാറാക്കിയ ‘ഡെവ്‌ലൂപ്’ എന്ന പരീക്ഷണ ട്രാക്കിലാണ് ഹൈപ്പര്‍ലൂപ്പ വണ്‍ കുതിച്ചുപാഞ്ഞത്. അമേരിക്കയിലും അബുദാബിയിലും തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച ഹൈപ്പര്‍ ലൂപ്പ് വണ്‍ അടുത്തിടെ വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. തിരുവന്തപുരത്തു നിന്നും ബെംഗളൂരുവിലേയ്ക്കുള്ള 736 കിലോമീറ്റര്‍ താണ്ടാന്‍ 41 മിനിറ്റുകളും ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള 334 കിലോമീറ്റര്‍ 20 മിനിറ്റുകളും ന്യൂഡല്‍ഹിയില്‍ നിന്ന് ജയ്പൂര്‍, ഇന്‍ഡോര്‍ വഴി മുംബൈയിലേയ്ക്കുള്ള 1317 കിലോമീറ്റര്‍ താണ്ടാന്‍ 55 മിനിറ്റുകളും മുംബൈയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേയ്ക്കുള്ള 1102 കിലോമീറ്റര്‍ താണ്ടാന്‍ 50 മിനിറ്റുകളും മാത്രം മതി എന്നായിരുന്നു വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് കമ്പനി അറിയിച്ചത്.
ദുബായ്-അബുദാബി റൂട്ടില്‍ ഇത്തരത്തില്‍ റെയില്‍പാത ക്രമീകരിക്കാന്‍ ദുബായ് സര്‍ക്കാര്‍ സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്. 2013ല്‍ സ്പേസ് എക്സ്, ടെസ്ല മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനിറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.
യാത്രക്കാരെയും സാധനസാമഗ്രികളെയുമൊക്കെ പോഡിനുള്ളിലാക്കി സമ്മര്‍ദം തീരെ കുറവുള്ള കുഴലിലൂടെ കടത്തിവിടുകയാണു ഹൈപ്പര്‍വണ്‍ ചെയ്യുന്നത്. ഘട്ടം ഘട്ടമായി വേഗം വര്‍ധിപ്പിക്കാന്‍ വൈദ്യുത പ്രൊപ്പല്‍ഷനെയാണു കമ്പനി ആശ്രയിക്കുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയിലൂടെ ട്രാക്കില്‍ നിന്ന് ഉയര്‍ന്നു കുതിക്കുന്ന പോഡുകള്‍ക്ക് വിമാനങ്ങളുടെ വേഗം കൈവരിക്കാനാവും. കുഴലിനുള്ളിലാണു സഞ്ചാരമെന്നതിനാല്‍ ഏറോഡൈനാമിക് ഡ്രാഗ് തീര്‍ത്തും കുറഞ്ഞിരിക്കുകയും പോഡുകളുടെ അതിവേഗത്തെ ദീര്‍ഘദൂരത്തേക്കു നിലനിര്‍ത്താനുമാവും. കഴിഞ്ഞ മാസം ശൂന്യമായ കുഴലിലൂടെയുള്ള ഹൈപ്പര്‍ലൂപ് പരീക്ഷണം കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രത്യേകമായി നിര്‍മ്മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.