ചെന്നൈ: ചെന്നൈയില്‍ നിന്ന് ബംഗളുരുവിലേക്കെത്താന് വെറും 30 മിനിറ്റ്. ഇത് വെറും സങ്കല്പമോ ഏതെങ്കിലും വീഡിയോ ഗെയിമോ ആണെന്നു ധരിക്കരുത്. രാജ്യത്തെ ഗതാഗത രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുന്ന ഇക്കാര്യം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്.
ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്ന അതിവേഗ ട്രെയിന്‍ പദ്ധതി ചെന്നൈയില്‍ നടപ്പിലാക്കാനൊരുങ്ങുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്. ഹൈപ്പര്‍ലൂപ് എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. യന്ത്രരംഗത്തെ അതികായനായ അമേരിക്കന്‍ ബിസിനസുകാരന് ഇലോണ്‍ മസ്ക്കിന്റെ മനസില്‍ വിരിഞ്ഞതാണ് വായുരഹിത തുരങ്കത്തിലൂടെയുള്ള ഈ അതിവേഗ ട്രെയിന്‍ ഗതാഗതം. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലാണ് കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മുകളില്‍ ഘടിപ്പിച്ച തുരങ്കത്തിലൂടെ ട്രെയിന്‍ കുതിക്കുന്നത്. തുരങ്കത്തില്‍ വായു സാന്നിദ്ധ്യം ഇല്ലാത്തതാണ് ട്രെയിനെ ഈ വേഗത്തില്‍ നീങ്ങാന്‍ സഹായിക്കുന്നത്.
പദ്ധതി നടപ്പായാല്‍ ചെന്നൈയില്‍ നിന്ന് ബംഗളുരുവിലേക്ക് 30 മിനിറ്റും മുംബൈയിലേക്ക് ഒരു മണിക്കൂറില്‍ അല്പം കൂടുതല്‍ സമയവും മാത്രം മതിയാകും. ഈ രണ്ടു റൂട്ടുകള്‍ കൂടാതെ പൂനെ-മുംബൈ, ബംഗളുരു തിരുവനന്തപുരം, മുംബൈ-ഡല്‍ഹി എന്നീ റൂട്ടുകളിലും ട്രെയിനോടിക്കാന്‍ താത്പര്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കമ്പനി അയച്ചിട്ടുണ്ട്. ഈ പാതകളിലൂടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണ് പദ്ധതി. ജാപ്പനീസ്,ചൈനീസ് ടീമുകള്‍ ടീമുകള്‍ ചെന്നൈ-ബംഗളുരു റൂട്ടിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.
വലിയ തൂണുകള്‍ക്കു മുകളില്‍ നേരത്തെ തയ്യാറാക്കിയ ട്യൂബുകള്‍ ഘടിപ്പിച്ചാണ് ട്രാക്ക് തയ്യാറാക്കുന്നത്. അതോടൊപ്പം ട്യൂബുകള്‍ക്കു മുകളില്‍ സോളാര്‍ പാനലുകളും തൂണുകളില്‍ കാറ്റാടികളും സ്ഥാപിക്കുന്നു. ഇതുമൂലം ഊര്‍ജലാഭവും ഉണ്ടാകുന്നു. ട്യൂബിനകത്തു കൂടെ കാന്തികശക്തിയുപയോഗിച്ചാണ് ട്രെയിന്‍ നീങ്ങുക. നിമിഷങ്ങള്‍ കൊണ്ട് 200 മൈല്‍ വേഗം കൈവരിക്കാന്‍ ഈ ട്രെയിനാകും. ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പാത ദുബായ്-അബുദാബി റൂട്ടിലായിരിക്കും എന്നാണ് കരുതുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലായിരിക്കും ഇത്. ഈ പാത യാഥാര്‍ഥ്യമാവുമ്പോള്‍ യാത്രാ സമയം 90 മിനിറ്റില്‍ നിന്നും 12 മിനിറ്റായി കുറയും.
ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ അനശ്ചിതാവസ്ഥ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. പലകാരണങ്ങള്‍ കൊണ്ട് കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും എടുക്കും ഇന്ത്യയില്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ എന്നര്‍ഥം. ഗവണ്മെന്റിന്റെ അംഗീകാരം കിട്ടാനും സമയമെടുക്കും. ഒരു കിലോമീറ്റര്‍ സ്പീഡ് ലൈന്‍ നിര്‍മിക്കാന്‍ 300 കോടി രൂപ ചിലവുവരും. പിന്നെ കൂടിയ തുകയ്ക്ക് ടിക്കറ്റ് നല്‍കുന്നതും സര്‍ക്കാരിന് ബുദ്ധിമുട്ടാകും. പദ്ധതി നടപ്പായാല്‍ 6000 രൂപയായിരിക്കും ചെന്നൈ-ബംഗളുരു സഞ്ചാരത്തിന് ചെലവാക്കേണ്ടി വരിക. തിരുവനന്തപുരം-മംഗളുരു പാതയുടെ അവസ്ഥയും സമാനമാണ്.
ദുബായെപോലെ തടസങ്ങളില്ലാതെ ഭൂമി വിട്ടുകിട്ടാന്‍ പാടുള്ളതും പദ്ധതിയെ മുളയിലേ നുള്ളുന്നു. അതിവേഗത്തില്‍ പോകേണ്ടതുകൊണ്ട്് തുരങ്കങ്ങള്‍ക്ക് അധികം വളവുപാടില്ലാത്തതും പദ്ധതി ദുര്‍ഘടമാക്കുന്നു. ചെന്നൈ മോണോറെയില്‍ തന്നെ ഉദാഹരണം. 2011ല്‍ ചര്‍ച്ചയാരംഭിച്ച പദ്ധതി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പദ്ധതി യാഥാര്‍ഥ്യമാകാന്‍ പല തലങ്ങളില്‍ നിന്നുള്ള അനുമതിയും ആവശ്യമാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനയും ആവശ്യമാണ്. എന്നാല്‍ ഈ സാങ്കേതിക വിദ്യ മികച്ചതാണെന്നും സുരക്ഷ ഉറപ്പുവരുത്തേണ്ടതിനായി ഒരു പുതിയ നിയന്ത്രണ സമിതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഒരു സര്‍ക്കാര്‍ ഓഫീഷ്യല്‍ പറയുന്നു. അതുപോലെയല്ലെങ്കില് കമ്പനിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം എന്തും ചെയ്യാനുള്ള അനുവാദം കൊടുക്കേണ്ടിവരുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. തടസങ്ങളെല്ലാം നീങ്ങി ഇതു യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ ഗതാഗത രംഗത്ത് ഒരു പുതു ചരിത്രം പിറക്കും.