കോട്ടയം: നഗരത്തിലെ ഹൈപ്പർ മാർക്കറ്റ് തീപിടിച്ചു പൂർണമായും കത്തിനശിച്ചതിനു പിന്നിൽ അട്ടിമറി സാധ്യതയില്ലെന്നും ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്നും അന്വേഷണ സംഘം. കടയ്ക്കുള്ളിൽ പോലീസ് ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഇന്നലെ പരിശോധന നടത്തിയശേഷമാണു ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നത്.
പാൽ സൂക്ഷിച്ചിരുന്ന ഫ്രീസറിൽ നിന്നാകണം തീപടർന്നതെന്നാണു ഇവരുടെ നിഗമനം. ഞായറാഴ്ച രാത്രി 11നു അടച്ച കടയിൽ പാൽ സൂക്ഷിച്ചിരുന്ന ഫ്രീസർ പ്രവർത്തിച്ചിരുന്നു. ഫ്രീസറിന്റെ ചക്രം കയറിയിറങ്ങി വയറിന്റെ ഇൻസുലേഷൻ പൊളിഞ്ഞിരുന്നു. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതുപോലെ ഫ്രീസറിന്റെ വയർ വീർത്തിരുന്നു. ഫ്രീസർ ഓഫ് ചെയ്തശേഷമാണു കടയടച്ചു പോയതെന്നാണു ജീവനക്കാർ അധികൃതരോടു പറഞ്ഞത്.
എന്നാൽ ഇതു ശരിയല്ലെന്നു ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഫ്രീസർ ഘടിപ്പിച്ചിരുന്ന പ്ലഗിനു സ്വിച്ച് ഉണ്ടായിരുന്നില്ല. ഇതു ഓണായി കിടക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. വിശദമായ പരിശോധനയ്ക്കായി പോലീസ് ഫോറൻസിക് വിഭാഗം വയറിംഗ് സംവിധാനങ്ങളുടെ സാന്പിൾ ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ നടത്തിയ പരിശോധനയെത്തുടർന്നു തീപിടിക്കാൻ കാരണമായെന്ന് സംശയിക്കുന്നവയുടെ മാതൃകകൾ കടയ്ക്കുള്ളിൽ നിന്നു ശേഖരിച്ചു. തിരുവനന്തപുരത്ത് സയന്റിഫിക്ക് ലാബിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. ഒരാഴ്ചയ്ക്കുള്ളിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻ.പി. വിജയകുമാർ പറഞ്ഞു.
അതേസമയം കട കത്തിച്ചതാണെന്നു സംശയമുള്ളതായി കാണിച്ച് കടയുടമ പാലാ പൈക സ്വദേശി കാരാങ്കൽ ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നു പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി സ്ഥാപന മാനേജർ ഉൾപ്പെടെയുള്ളവരിൽ നിന്നു പോലീസ് ഇന്നും നാളെയുമായി വിവരങ്ങൾ ചോദിച്ചറിയും. സ്ഥാപന ഉടമയുടെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങളും തീപിടിച്ച കെട്ടിടത്തിനു സമീപമുള്ള മറ്റു സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
രാത്രിയിൽ കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ഇന്ധനമോ മറ്റോ ഒഴിച്ച് തീവയ്ക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഗ്ലാസ് തകർത്താണു അകത്തുകയറിയത്. ജനാലകളോ വാതിലോ തകർത്തതിന് ഇതുവരെ പോലീസിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തനിക്ക് മൂന്നു പേരുടെ ഭീഷണിയുണ്ടെന്നും അതാണു തീ പിടിത്തത്തിലേക്കു കലാശിച്ചതെന്നുമാണു ജോഷി നല്കിയ പരാതിയിൽ പറയുന്നത്.
സയന്റിഫിക് ഓഫീസർ പി. ശീതൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻ.പി. വിജയകുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടി.സി. മോഹനൻ, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജെറി ജോസഫ് ജോസ്, കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ഈസ്റ്റ് സ്റ്റേഷൻ ഓഫീസർ സാജു വർഗീസ് തുടങ്ങിയവർ ചേർന്നാണു ഇന്നലെ പരിശോധന നടത്തിയത്.