കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്‍ഐടി പ്രഫസറെ കൊള്ളയടിച്ച കേസ് അട്ടിമറിച്ചു. മൂന്നാഴ്ചയാവാറായിട്ടും കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. പ്രതികള്‍ കണ്മുന്നിലുണ്ടായിട്ടും ഉന്നത ബന്ധത്തെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്നാണറിയുന്നത്. അന്വേഷണസംഘത്തെ വെല്ലുവിളിച്ചുകൊണ്ടാണിപ്പോള് കേസിലെ പ്രതികള്‍ സ്വൈര്യവിഹാരം നടത്തുന്നത്.
ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി.ജനറല്‍ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വെന്ററി മാനേജര്‍ കമല്‍രൂപ് എന്നിവര്‍ക്കെതിരേയാണ് പോലീസ് യാതൊരു നിയമനടപടിയും സ്വീകരിക്കാതെ ഒത്തുകളിക്കുന്നത്. സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കാത്തിനു പിന്നിലും ഫോക്കസ് മാൾ മാനേജ്മെന്റിന്റെ സ്വാധീനമാണെന്നാണ് ആരോപണം.
കേസില്‍ അറസ്റ്റ് തടയുന്നതിനായി ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്പ്പിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇതറിഞ്ഞ ഉന്നതപോലീസുദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
സംസ്ഥാനരഹസ്യാന്വേഷണ വിഭാഗവും പ്രതികളുടെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതികളുടെ മൊബൈല്‍ഫോണിന്റെ കോള്‍ റെക്കോര്‍ഡ് പോലും അന്വേഷണസംഘത്തിന് ആദ്യഘട്ടത്തില്‍ കൈമാറിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴും കോടതിയില്‍ പോലീസ് പ്രതികള്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ജാമ്യം നല്‍കരുതെന്ന വാദം പോലും പോലീസ് ഉന്നയിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. അതേസമയം സമ്മർദ്ദങ്ങള്‍ക്കു നടുവിലും ഹൈപ്പര്‍മാര്‍ക്കറ്റിലെ തട്ടിപ്പിനെ കുറിച്ച് കസബ എസ്ഐയും സംഘവും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതികളുടെയും സാഥാപനത്തിന്റേയും ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ നഗരമധ്യത്തിലെ മാളില്‍ നടന്ന വന്‍ കൊള്ളകളുടെ ചുരുളഴിയുന്നത്. ഖരഖ്പൂര്‍ എന്‍ഐടിയിലെ ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയെയാണ് മാവൂര്‍ റോഡ് ഫോക്കസ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ നാലുപേരെ അറസ്റ്റുചെയ്തിരുന്നു.
സാധനങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്നതിനിടെ, ഇദ്ദേഹം നാട്ടിലുള്ള ഭാര്യയ്ക്കായി മൂന്നു ലിപ്സ്റ്റിക്കുകള്‍ കൈയിലെടുത്തിരുന്നു. ഈ സമയം ഫോണ്‍ വന്നതുമൂലം റേഞ്ച് ലഭിക്കാൻ മാളിന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഷോപ്പിംഗ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തോട് ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് മര്‍ദിക്കുകയും കൂടുതല്‍ തുകയുടെ സാധനങ്ങള്‍ കൈക്കലാക്കുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയുമായിരുന്നു.
ജീവനക്കാർ കൊള്ളയടിച്ച വിവാഹമോതിരമടക്കം സാധനങ്ങൾ മണിക്കൂറുകൾക്കകം ഫോക്കസ് ഹൈപർമാർക്കറ്റിന്റെ ലോക്കറിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പോലീസിൽ പരാതി നൽകാതിരിക്കണമെങ്കിൽ പിറ്റേന്ന് രണ്ടരലക്ഷം രൂപയുമായി എരഞ്ഞിപ്പാലത്തെ തന്റെ ഓഫീസിൽ എത്തണമെന്ന് തട്ടിപ്പിനു നേതൃത്വം നൽകിയ യഹ്യ പ്രൊഫസറോട് ആവശ്യപ്പെട്ടതിനെതുടർന്നാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്.
കൊള്ളയടി വിവരം പുറത്തുവന്നതിനെതുടർന്ന് ഫോക്കസ് ഹൈപർമാർക്കറ്റിലെ വ്യാപാരത്തിന് ഇടിവുസംഭവിച്ചതായി പോലീസ് പറയുന്നു. ഇതേ തുടർന്നാണ് മാനേജ്മെന്റ് ഉന്നത രാഷ്ട്രീയ-പോലീസ് നേതൃത്വത്തെ സമീപിച്ച് തുടരന്വേഷണം തുന്പില്ലാതാക്കിയത്. കേസ് ദുർബലപ്പെടുത്തുന്നതിന് ഇടപെട്ടവർക്ക് വൻതുക ലഭിച്ചതായും പോലീസിൽ സംസാരമുണ്ട്.