ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽനിന്നാണു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷണം നടത്തിയത്.
1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഇതോടെ ഇത്തരം സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പുതിയ കണ്ടുപിടിത്തം രാജ്യത്തിന്റെ പ്രതിരോധമേഖലയിൽ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും ഡിആർഡിഒയുടെ മറ്റു ലാബുകളും ചേർന്ന് തദ്ദേശീയമായാണു മിസൈൽ വികസിപ്പിച്ചത്.
ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഉയർന്ന പ്രദേശങ്ങളിൽനിന്നടക്കം ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി എത്താൻ അതിനൂതന സങ്കേതികവിദ്യയാണു മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യക്കുപുറമെ അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈപ്പർസോണിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ട്.
സ്വന്തം ലേഖകൻ