കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥികളെ ഹിപ്നോട്ടിസത്തിന് വിധേയരാക്കി അബോധാവസ്ഥയിലാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും. ഒരാണ്കുട്ടിയും മൂന്നു പെണ്കുട്ടികളും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പഠിച്ച് അത് വിദ്യാർഥികളിൽ പരീക്ഷിച്ച “കുട്ടിക്ക്’ ഉൾപ്പെടെ വിശദമായ ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പോലുള്ള അഭ്യാസങ്ങളും മറ്റും ചെയ്യല്ലേയെന്ന് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളോടു പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാളൊഴികെയെല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേട്ടുകേൾവിയില്ലാത്ത ഹിപ്നോട്ടിസ അഭ്യാസം നടന്നത്. തലകുനിച്ചുനിർത്തി കഴുത്തിലെ ഏതോ ഞരന്പിൽ പിടിച്ചു വലിക്കുന്ന യൂ ട്യൂബ് ഹിപ്നോട്ടിസമായിരുന്നു കുട്ടികളിൽ പരീക്ഷിച്ചതെന്ന് പറയുന്നു.
സ്കൂളിൽ ബോധമറ്റുവീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്തു വെള്ളംതളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. ആശുപത്രിയിൽ ആദ്യം എത്തിച്ചതു മൂന്നുപേരെയാണ്. ഇവരുടെ രക്തവും മറ്റും പരിശോധിച്ചു.
ഇസിജിയും എടുത്തു. ആവശ്യമായ മറ്റു ടെസ്റ്റുകളും നടത്തി. ഇതിനുപിന്നാലെ മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ആദ്യം ആശുപത്രിയിൽ എത്തിച്ച കുട്ടികൾ സാധാരണ നിലയിലേക്കു വന്നു.
ഇവരാണ് ഹിപ്നോട്ടിസം നടത്തിയതാണെന്നു പറഞ്ഞത്. അവസാനം എത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്പെഷാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കൽ സെൻററിലേക്കു കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരും പിടിഎയും അന്വേഷണം നടത്തും.