തൊടുപുഴ: ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മണിക്കൂറുകളായി തുടരുന്ന കനത്ത മഴയും കാറ്റും മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്നു. ഉടുന്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി മുതൽ തുടങ്ങിയ മഴയ്ക്കും കാറ്റിനും രാവിലെയും ശമനമില്ല. കട്ടപ്പന-പുളിയൻമല റൂട്ടിൽ പുളിയൻമലയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കു മരം കടപുഴകി വീണ് ഓട്ടോറിക്ഷ ഡ്രൈവർക്കു പരിക്കേറ്റു. കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് വൈദ്യുതി ലൈൻ പൊട്ടി വീണു ബൈക്ക് മറിഞ്ഞു.
മരം വീണ് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം- ഉടുന്പൻചോല റൂട്ടിൽ പലയിടത്തും കൂറ്റൻ മരങ്ങൾ റോഡിലേയ്ക്കു കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം, പച്ചടി, മഞ്ഞപ്പാറ, തൂക്കുപാലം, ചേന്പള, കല്ലാർ മേഖലകളിൽ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. കൃഷികൾ നശിച്ചു. തമിഴ്നാട്ടിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമാണ് മഴയെന്ന് സൂചനയുണ്ട്.