തന്നെ പീഡിപ്പിക്കാന്‍ നടന് അലന്‍സിയര്‍ പലവട്ടം ശ്രമിച്ചുവെന്നും പലപ്പോഴും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മലയാള സിനിമയിലെ യുവനടിയുടെ വെളിപ്പെടുത്തല്‍. മീ ടു വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിക്കുന്ന പ്രൊട്ടസ്റ്റിംഗ്ഇന്ത്യ എന്ന വെബ്സൈറ്റിലാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്. നടനെതിരേ താരസംഘടനയായ അമ്മയിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോഴും അഭിനയരംഗത്ത് സജീവമായ നടി. മീടു കാംപെയ്നില്‍ പല പ്രമുഖര്‍ക്കെതിരേയുള്ള വെളിപ്പെടുത്തലും ആദ്യം വന്നത് പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലായിരുന്നു.
നാടകരംഗത്തു നിന്നും സിനിമയിലേക്ക് വന്നയാളാണ് ഈ യുവനടി. അലന്‍സിയര്‍ തന്റെ റൂമിലെത്തി കടന്നുപിടിച്ച് പീഡിക്കാന്‍ ശ്രമിച്ച സംഭവം അടുത്തിടെ നടന്നതാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം വാര്‍ത്ത പുറത്തായതോടെ അലന്‍സിയര്‍ ഫോണ്‍ എടുക്കുന്നില്ല. നേരത്തെ ഉത്തരേന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കേരളത്തില്‍ തെരുവിലോടി പ്രതിഷേധിച്ച വ്യക്തിയാണ് അലന്‍സിയര്‍.
കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തെരുവു നാടകം കളിച്ചും മറ്റും ശ്രദ്ധേയനായ അലന്‍സിയര്‍ പക്ഷേ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു പ്രതികരണം പോലും നടത്തിയില്ല. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്ഡുദാനത്തിനിടെ അപമാനിച്ചും കുപ്രസിദ്ധി നേടിയിട്ടുണ്ട് അലന്‍സിയര്‍. അതേസമയം കൂടുതല്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ നടനെതിരേ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന സൂചനയുണ്ട്.
വളരെ ഗുരുതരമായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. അലന്‍സിയറില്‍ നിന്ന് രണ്ടാംവട്ടം ഉണ്ടായ മോശം അനുഭവത്തെപ്പറ്റി നടി പറുന്നതിങ്ങനെ- ആര്‍ത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാന്‍ വന്നതായിരുന്നു താന്‍. മുറിക്കകത്ത് താന്‍ കടന്നതിനു പിന്നാലെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ നില്‍ക്കുന്നത് കണ്ട്. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോള്‍ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകന് പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയര്‍ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോള്‍ കാളിങ് ബെല്ലടിച്ചു. വതില്‍ ചാടിത്തുറന്നപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. അലന്‍സിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി. അലന്‍സിയര്‍ മറ്റു നിരവധി സന്ദര്‍ഭങ്ങളിലും അശ്ലീലമായി പെരുമാറാന്‍ ധൈര്യപ്പെട്ടെന്നും നടി പറയുന്നു.
ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ കുളിക്കാനായി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയി. ഈ സന്ദര്‍ഭത്തില്‍ അലന്‍സിയര്‍ അകത്തേക്ക് കയറി. തന്റെ ബെഡ്ഡിലേക്ക് കയറിക്കിടന്ന് കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു. നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അലന്‍സിയറിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.