ബെര്ലിന്: അപക്വമായ ചിന്തകളുടെ പുറത്ത് ഭീകരസംഘടനയായ ഐഎസില് ചേര്ന്നിരിക്കുന്നത് അനവധി കൗമാരക്കാരാണ്. ഐഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂള് ഇറാഖിസേനയുടെ പിടിയിലായതോടെ പലരും ജന്മനാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനും തുടങ്ങി. ഐഎസില് ചേര്ന്ന് പ്രവര്ത്തിക്കവെ സുരക്ഷാ സേനയുടെ പിടിയിലായി ഇറാഖിലെ ജയിലില് കഴിയുന്ന ലിന്ഡ എന്ന പതിനാറുകാരിക്കാണ് ഇപ്പോള് വീട്ടിലേക്കു മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും മോഹമുദിച്ചത്. ജര്മനിയില്നിന്നുള്ള നാലു യുവതികള് ഐഎസില് ചേര്ന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതില് ഒരാളാണ് ഈ പതിനാറുകാരി.
ചില ജര്മന് മാധ്യമങ്ങള് ബാഗ്ദാദിലെ സൈനിക കേന്ദ്രത്തില്വച്ച് ലിന്ഡയുമായി അഭിമുഖം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പെണ്കുട്ടി പങ്കുവച്ചത്.‘എനിക്ക് ഇവിടെനിന്നും പുറത്തുപോകണം. യുദ്ധകോലാഹലത്തില്നിന്നും ആയുധങ്ങള്ക്കിടയില്നിന്നും എനിക്കു വീട്ടിലേക്ക് മടങ്ങണം’ പെണ്കുട്ടി പറഞ്ഞു. ഐഎസില് ചേര്ന്നതില് കുറ്റബോധമുണ്ടെന്നും പെണ്കുട്ടി വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കാണുന്നതിനായി ഇവര് കോണ്സുലര് സഹായം തേടിയെന്നും റിപ്പോര്ട്ടുകളുണ്ട്. ഐഎസില് പ്രവര്ത്തിക്കുന്നതിനിടെ ലിന്ഡയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
മൊസൂള് ഇറാഖി സൈന്യം പിടിച്ചടക്കിയപ്പോഴാണ് ലിന്ഡയുള്പ്പെടെ ഐഎസ് ബന്ധമുള്ള അഞ്ചു സ്ത്രീകളെ പിടികൂടിയത്. ഈ മാസമാദ്യം മൊസൂളില്നിന്ന് ഭീകരരെ തുരത്തിയ ഇറാഖ് സൈന്യം നഗരം വീണ്ടെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ ശീതകാലത്ത് ജര്മനിയില്നിന്ന് കാണാതായ പെണ്കുട്ടി തന്നെയാണോ ഇറാഖിലുള്ളത് എന്ന് ജര്മന് ഉദ്യോഗസ്ഥര് പരിശോധിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില് അനവധി ആളുകളാണ് ഐഎസില് നിന്നും വിട്ടുപോയത്.