ഞാന്‍ ലോലന്റെ കടുത്ത ആരാധികയാണ്, അതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്’; സാനിയ ഇയ്യപ്പന്‍

സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങിലുള്ള വെബ് ചാനലാണ് കരിക്ക്. കരിക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങുന്ന ‘തേരാ പാരാ’ അടക്കമുള്ള മിനി വെബ് സീരീസുകളെല്ലാം ജനകീയമാണ്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോര്‍ജ്ജിനേയും ഷിബുവിനേയും ശംഭുവിനെയുമൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ അവരുടെ സ്വീകരണ മുറികളിലെ നിത്യ സന്ദര്‍ശകരാക്കി മാറ്റുകയായിരുന്നു.

രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദര്‍ഭങ്ങളും സംഭാഷണ സൈലിയുമാണ് കരിക്കിനെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്. തേരാ പാരായുടെ അവസാനമിറങ്ങിയ എപ്പിസോഡില്‍ ലോലന്റെ കാമുകിയായ അശ്വതി അച്ചുവായി എത്തിയത് നടി സാനിയ ഇയ്യപ്പനായിരുന്നു. ലോലന്റെ കടുത്ത ആരാധികയാണെന്ന് താനെന്നും കരിക്കിന്റെ എപ്പിസോഡില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് സാനിയ പറയുന്നത്.

‘കരിക്ക് വെബ് സീരീസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല അതിലെ ലോലന്റെ കടുത്ത ആരാധികയുമാണ്. കരിക്കിന്റെ ടീം സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പ് ഇതില്‍ ഭാഗമാകാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. അന്ന് ഞാനത് കണ്ടില്ല.

ഈയടുത്ത് കരിക്കിന്റെ ഒരു എപ്പിസോഡില്‍ എന്നെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു എപ്പിസോഡില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ലോലന്റെ ഫാന്‍ ആയതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്.’ സാനിയ പറഞ്ഞു.

Related posts