കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ ഐഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്താന്‍ നിമിഷങ്ങള്‍ മതിയെന്ന് സൈബര്‍ വിദഗ്ധര്‍.
കേരള പോലീസ് വിവിധ അന്വേഷണത്തിന്റെ ഭാഗമായി ഇപ്രകാരം ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടു പരാതി നല്‍കിയിട്ടും സ്വകാര്യത പറഞ്ഞു ഡിജിപി ഫോണ്‍ വിവരം ശേഖരിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ഐ ഫോൺ കണ്ടെത്തണം
ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ഇപ്പോള്‍ സിബിഐയും അന്വേഷിക്കുന്ന കേസുകളുമായി നേരിട്ട് ബന്ധമുള്ളയാളാണ് സ്വപ്നസുരേഷ്.
സ്വപ്ന ഫോണ്‍ നല്‍കിയത് ആര്ക്കെല്ലാമാണെന്നതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഒരു ഫോണ്‍ സമ്മാനിച്ചെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഐഫോണ്‍ ആര്‍ക്കെല്ലാമാണ് ലഭിച്ചതെന്നതു ചര്‍ച്ചയായി മാറിയത്.
ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നു കണ്ടെത്താനും കോടതിയെ സമീപിക്കുന്നതോടെ വിവാദം മുറുകിയിരിക്കുകയാണ്.
എളുപ്പത്തിൽ കണ്ടെത്താം
യൂണിടാക്ക് കൊച്ചിയില്‍നിന്നു വാങ്ങിയ ഐഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആരൊക്കെ ഉപയോഗിച്ചതെന്നും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നും എളുപ്പത്തില്‍ കണ്ടെത്താനാവുമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനു സൈബര്‍ സെല്‍ സ്വീകരിക്കുന്ന അതേനടപടികളിലൂടെ തന്നെ വിവാദമായ ഐ ഫോണിന്റെ ഉടമയെയും കണ്ടെത്താം.
ഐഎംഇഐ നമ്പർ
സംസ്ഥാനത്തിനകത്തുള്ള മൊബൈല്‍ കണക്ഷന് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഐഎംഇഐ നമ്പര്‍ സഹിതം സൈബര്‍സെല്‍ അപേക്ഷ നല്‍കുകയാണ് പതിവ്. നിശ്ചിത ഐഎംഇഐ നമ്പറുള്ള ഫോണില്‍ അതത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയിക്കണമെന്നാണ് സൈബര്‍സെല്‍ ആവശ്യപ്പെടുക.
ഈ ഫോണില്‍ ഉപയോഗിക്കുന്ന സിമ്മിലേക്കു കോളുകളോ, സന്ദേശങ്ങളോ വന്നാല്‍ അതതു സര്‍വീസ് പ്രൊവൈഡര്‍മാര്‍ സിംകാര്‍ഡ് ഉടമയുടെ മേല്‍വിലാസം കണ്ടെത്തും. സിം എടുക്കുന്നതിനായി നല്കിയ വിലാസം പോലീസിനു കൈമാറുകയും ചെയ്യും. ഇത്തരത്തില്‍ എളുപ്പത്തില്‍ വിവാദമായ ഐഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്താനാവും.
ഓഫ് ആക്കിയാൽ
ഇതിനിടെ, വിവാദങ്ങളെ ഭയന്ന് ഫോണ്‍ ഉപയോഗിക്കുന്ന ആള് ഇപ്പോള്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ ചെറിയ സങ്കീര്ണതകളുണ്ടാവും.എങ്കിലും നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് ഏതെന്നു തിരിച്ചറിഞ്ഞ് ഉടമയെ കണ്ടെത്താം.
അതേസമയം പ്രതിപക്ഷ നേതാവിന്റെ ഡിജിപിക്ക് നല്കിയ പരാതിയില്‍ പോലീസ് ഇത്തരം നടപടികള്‍ സ്വീകരിക്കില്ലെന്നാണ് അറിയിച്ചത്. വിവരങ്ങള്‍ പുറത്താവുന്നതു സ്വകാര്യതയെ ബാധിക്കുമെന്നു പറഞ്ഞാണ് പോലീസ് കൈയൊഴിയുന്നത്.
എന്നാല്‍, എന്ത് സ്വകാര്യതയാണ് ഇക്കാര്യത്തിലുള്ളതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. സ്വര്‍ണംകടത്തിയ കേസിലെ പ്രതി കൈമാറിയ ഫോണ്‍ ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുകയെന്നതാണ് പ്രധാനം.