കൊച്ചി: ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള ആരോപണത്തിൽ മലക്കം മറഞ്ഞു യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോയെന്ന് അറിയില്ലെന്ന് അദ്ദേഹം വിജിലന്‍സിനു മൊഴി നല്‍കിയതായാണു വിവരം.
സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്നും ഇതില്‍ ഒരെണ്ണം പ്രതിപക്ഷ നേതാവിന് നല്‍കിയെന്നുമായിരുന്നു നേരത്തെ സന്തോഷ് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം വേണമെന്നും ഫോണ്‍ ആരുടെ കൈയിലെന്നു കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
സന്തോഷ് ഈപ്പനെതിരേ നോട്ടീസ് അയച്ചു നിയമനടപടി സ്വീകരിക്കാനും ചെന്നിത്തല നീക്കം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മൊഴി തിരുത്തിയത്. ലൈഫ് മിഷന് ക്രമക്കേട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിജിലന്‍സാണ് അന്വേഷിക്കുന്നത്.
താന്‍ ആരില്‍നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല തനിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന ഐ ഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.