ഫുട്‌ബോളില്‍ എല്ലാക്കാലത്തും ഹൃദയഭേദകമായ വിടവാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രാഡ്‌ലിയുടെ വിടവാങ്ങല്‍ സണ്ടര്‍ലാന്‍ഡ് എന്ന ക്ലബിന്റെ ചങ്കാണ് തകര്‍ത്തത്. സണ്ടര്‍ലന്‍ഡിന്റെ വെള്ളയും ചുവപ്പും ഇടകലര്‍ന്ന കുപ്പായത്തില്‍ നിഷ്ക്കളങ്ക ചിരിയുമായി വന്നിരുന്ന ബ്രാഡ്‌ലി ലോവ്‌റി എന്ന ആറുവയസ്സുകാരന്‍ അവരുടെ ആവേശമായിരുന്നു.
18 മാസം പ്രായമുള്ളപ്പോള്‍ പിടികൂടിയ അപൂര്‍വ അര്‍ബുദത്തിനെതിരെയായിരുന്നു ബ്രാഡ്‌ലിയുടെ പോരാട്ടം. അസുഖം പിടിമുറുക്കിയപ്പോഴും സണ്ടര്‍ലന്‍ഡിന്റെ കളികാണാന്‍ അവന്‍ എത്തി. എന്നാല്‍, ഒരു ആറുവയസ്സുകാരന് സാധ്യമായ എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കുമൊടുവില്‍ ബ്രാഡ്‌ലി കഴിഞ്ഞദിവസം ജീവിതത്തില്‍ നിന്നു മടങ്ങി. അവന്റെ അമ്മ തന്നെയാണ് വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്.സണ്ടര്‍ലന്‍ഡ് ടീമിന്റെ മാസ്‌ക്കോട്ടായി ഇറങ്ങിയിരുന്ന ബ്രാഡ്‌ലി ലോകശ്രദ്ധയിലെത്തുന്നത് കഴിഞ്ഞ ക്രിസ്മസ് കാലത്താണ്. ഇംഗ്ലീഷ് സ്‌െ്രെടക്കര്‍ ജെര്‍മെയ്ന്‍ ഡിഫോയുമായുള്ള ബ്രാഡ്‌ലിയുടെ കൂട്ട് തുടങ്ങിയതോടെയായിരുന്നു ഇത്. ഇരുവരുടെയും സൗഹൃദത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിന്നു.
ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ബ്രാഡ്‌ലിയുടെ ജീവനുവേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ബ്രാഡ്‌ലിയുടെ ചികിത്സയ്ക്കായി അവര്‍ പണം കണ്ടെത്തി. ചെല്‍സിക്കെതിരെ സണ്ടര്‍ലന്‍ഡിന്റെ പെനാല്‍റ്റി വലയിലെത്തിക്കാന്‍ നിയോഗിച്ചാണ് ഫുട്‌ബോള്‍ ലോകം ബ്രാഡ്‌ലിയെ ആദരിച്ചത്. ഇതിനിടെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മാസ്‌ക്കോട്ടായി ഇഷ്ടതാരം ഡെഫോയുടെ കൈപിടിച്ച് ബ്രാഡ്‌ലി ഇറങ്ങി.
ലിത്വാനിയയ്‌ക്കെതിരേ ഡിഫോയുടെ ഇരട്ടഗോള്‍ പ്രകടനം കണ്ട് സന്തോഷവാനായി മടങ്ങിയ ബ്രാഡ്‌ലി പിന്നീടൊരിക്കലും ഫുട്‌ബോള്‍ മൈതാനത്തേക്ക് തിരിച്ചുവന്നില്ല. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബ്രാഡ്‌ലി വീണ്ടും ആശുപത്രിയിലായി അവനെക്കാണാനായി പ്രിയ സുഹൃത്ത് ഡിഫോ ആശുപത്രിയിലെത്തി. അസുഖം തളര്‍ത്തിയ ശരീരവുമായി കിടന്നുറങ്ങുന്ന ബ്രാഡ്‌ലിക്ക് സമീപം കിടക്കുന്ന ഡിഫോയുടെ ചിത്രം ആരാധകരുടെ കണ്ണുനനച്ചു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും അവനായി പ്രാര്‍ഥിച്ചെങ്കിലും അവനെ മടക്കി വിളിക്കാനായിരുന്നു ദൈവം എന്ന കോച്ചിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ബേണ്‍മൗത്തുമായി കരാറൊപ്പിട്ടശേഷം പത്രസമ്മേളനത്തില്‍ ബ്രാഡ്‌ലിയെക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണീരായിരുന്നു ഡിഫോയുടെ മറുപടി. അന്ത്യനിമിഷങ്ങള്‍ അടുത്തെത്തിയതറിഞ്ഞ ഡെഫോ പറഞ്ഞു, ‘ബ്രാഡ്‌ലി എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും’. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ആ വാക്കുകള്‍ ഏറ്റു പറയുകയാണ്.