കായംകുളം: ചൈനീസ് ഫയൽ ഷെയറിംഗ് ആപ്പുകൾക്ക് ബദലായി കായംകുളംകാരൻ നിർമ്മിച്ച ആപ് ‘ഐ സെന്റർ ഇന്ത്യ വലിയ പ്രചാരം നേടുന്നു.
കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് മാൻസ് ഹോമിൽ രാം കുമാർചേതൻ (25) നിർമ്മിച്ച ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ ഐ സെന്ററാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനോടകം പതിനായിരത്തോളം പേർ ഡൗൺലോഡ് ചെയ്തെടുത്തത്.
ഉപഭോക്താവിന്റെ െ സ്വകാര്യത ഉറപ്പാക്കിയാണ് ആപ് നിർമ്മിച്ചിരിക്കുന്നതെന്ന് രാം കുമാർ പറഞ്ഞു. ഇതിൽ വരുന്ന ഡേറ്റ ഉപഭോക്താവിന്റെ ഫോണിൽ അല്ലാതെ മറ്റൊരു സർവറിലും സേവ് ചെയ്യപ്പെടുന്നില്ല.
കൂടാതെ മറ്റുള്ള ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് കൂടുതൽ വേഗതയും ഇതിന് ഉണ്ടെന്ന് രാം കുമാർ പറയുന്നു. ഏറെ പ്രചാരം നേടിയ ചൈനീസ് ഫയൽ ഷെയറിങ് ആപ്പുകളായ എക്സ് സെന്റർ, ഷെയർ ഇറ്റ് തുടങ്ങിയ
ആപ്പുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് രാം കുമാർ പുതിയ ആപ്ലിക്കേഷൻ നിർമ്മിക്കാൻ രംഗത്ത് വന്നത്. മൊബൈലിലേക്ക് മാത്രമല്ല കമ്പ്യൂട്ടറിലേക്കും ഇത് ഉപയോഗിച്ച് ഫയലുകൾ ഷെയർ ചെയ്യാം.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ 2016 ലെ രാഷ്്ട്രപതി റോവർ അവാർഡ് ജേതാവ് കൂടിയാണ് രാം കുമാർ .കായംകുളം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയറായ രാംകുമാർ എം എസ് സി ബിരുദധാരിയാണ്.പുതിയ ആപ്പ് നിർമ്മിച്ച രാം കുമാറിന് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.